ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ടുനിരോധനം ചോദ്യംചെയ്തുള്ള 58 ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ജനുവരി 2 ന്. ജസ്റ്റിസുമാരായ എസ്. അബുദുള്‍ നസീര്‍, ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യന്‍, ബി.വി. നാഗരത്‌ന എന്നിവരുള്‍പ്പെട്ടെ അഞ്ചംഗ ബെഞ്ചാണ് വിധിപ്രസ്താവം നടത്തുക.
നോട്ടുനിരോധനത്തിന്റെ നിയമസാധുത ചോദ്യംചെയ്താണ് ഭൂരിപക്ഷം ഹര്‍ജികളും. നിശ്ചിത കാലപരിധിക്കുള്ളില്‍ മാറ്റിയെടുക്കാന്‍ കഴിയാതിരുന്ന നിരോധിത നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സംവിധാനം ആവശ്യപ്പെട്ടാണ് ബാക്കി ഏതാനും ഹര്‍ജികള്‍. തിങ്കളാഴ്ചത്തെ കേസ് ലിസ്റ്റ് പ്രകാരം രണ്ടു വെവ്വേറെ വിധിപ്രസ്താവങ്ങളാകും ഉണ്ടാകുക. ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് ബി.വി. നാഗരത്‌ന എന്നിവരാകും വിധി പ്രസ്താവിക്കുക. ഈ രണ്ടു വിധികളും ഏകകണ്ഠമായിരിക്കുമോ അതോ വിയോജനക്കുറിപ്പുകള്‍ ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്.നോട്ടുനിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഡിസംബര്‍ ഏഴിന് പരമോന്നത കോടതി കേന്ദ്ര സര്‍ക്കാരിനോടും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേസ് വിധി പറയാന്‍ മാറ്റിയത്.
അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, ആര്‍.ബി.ഐയുടെ അഭിഭാഷകന്‍, മുതിര്‍ന്ന അഭിഭാഷകരായ പി. ചിദംബരം, ശ്യാം ദിവാന്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ വാദങ്ങള്‍ പരമോന്നത നീതിപീഠം കേട്ടു. 500, 1,000 രൂപ കറന്‍സികള്‍ അസാധുവാക്കിയത് ആഴത്തിലുള്ള പിഴവാണെന്നു പറഞ്ഞ ചിദംബരം, നിയമപരമായ ടെന്‍ഡറുമായി ബന്ധപ്പെട്ട ഒരു നിര്‍ദേശവും സര്‍ക്കാരിനു സ്വന്തമായി ആരംഭിക്കാന്‍ കഴിയില്ലെന്നും ആര്‍.ബി.ഐ. സെന്‍ട്രല്‍ ബോര്‍ഡിന്റെ ശിപാര്‍ശയില്‍ മാത്രമേ അത് ചെയ്യാന്‍ കഴിയൂ എന്നും വാദിച്ചു.
താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും അവയും രാഷ്ട്രനിര്‍മാണ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണെന്നും ആര്‍.ബി.ഐ. നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സമ്മതിച്ചിരുന്നു. കള്ളപ്പണം, തീവ്രവാദ ധനസഹായം, നികുതിവെട്ടിപ്പ് എന്നിവയ്‌ക്കെതിരേ പോരാടാനുള്ള വലിയ തന്ത്രത്തിന്റെ ഭാഗമാണ് നോട്ട്‌നിരോധനമെന്നായിരുന്നു കേന്ദ്രത്തിന്റെ സത്യവാങ്മൂലം.

