ന്യൂഡല്‍ഹി: തീര്‍ഥാടനകേന്ദ്രമായ ശ്രീ സമ്മേദ് ശിഖറിനെ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ച ഝാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ രാജ്യവ്യാപക പ്രതിഷേധവുമായി ജൈന സമൂഹം.
ജാര്‍ഖണ്ഡിലെ പരസ്‌നാഥ് കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന സമ്മദ് ശിഖര്‍ജി ജൈനരുടെ പുണ്യതീര്‍ഥാടന കേന്ദ്രമാണ്. ഇവിടം ഝാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിനു കാരണം. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിലുള്‍പ്പെടെ ജൈനര്‍ പ്രതിഷേധം സംഘടിപ്പിച്ചു. സമ്മേദ് ശിഖര്‍ജിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഇപ്പോഴത്തെ തീരുമാനം പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഡിസംബര്‍ 26 മുതല്‍ ഡല്‍ഹിയിലെ ഋഷഭ് വിഹാര്‍ ജൈനക്ഷേത്രത്തില്‍ ജൈന സമാജ് സമ്മേദ് ശിഖര്‍ ബച്ചാവോ ആന്ദോളന്‍ നടന്നുവരികയാണ്.
ഇതിന്റെ ഭാഗമായി രണ്ടു വിശ്വാസികള്‍ ഇവിടെ മരണം വരെ നിരാഹാരസമരം നടത്തുന്നുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധിപേരും നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് പുതുവത്സരദിനമായ ഇന്നലെ െജെനര്‍ രാജ്യവ്യാപക പ്രതിഷേധം നടത്തിയത്.തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പ്രധാനമന്ത്രി മോദിക്കും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും കത്തയച്ചു.അതേസമയം, ഝാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തി. ജൈന മതത്തിലെ 24 തീര്‍ത്ഥങ്കരന്മാരില്‍ 20 പേര്‍ സമ്മേദ് ശിഖര്‍ജിയില്‍ മോക്ഷം പ്രാപിച്ചതായാണ് വിശ്വാസം.

