പട്ന: ബുദ്ധമതത്തെ തകര്‍ക്കാനും ബുദ്ധമതവിശ്വാസികളെ ഉന്മൂലനം ചെയ്യാനുമാണ് ചൈനീസ് സര്‍ക്കാരിന്റെ ശ്രമമെന്നു തിബത്തന്‍ ആത്മീയനേതാവ് ദെലെലാമ. ബിഹാറിലെ ബോധ്ഗയയില്‍ സംഘടിപ്പിച്ച ത്രിദിന ആഗോള ബുദ്ധമത വിശ്വാസി സംഗമ സമ്മേളനത്തിന്റെ സമാപനദിനമായ പുതുവര്‍ഷത്തലേന്നായിരുന്നു ചൈനയ്ക്കെതിരായ ദെലെലാമയുടെ രൂക്ഷവിമര്‍ശനം.ബുദ്ധിസത്തെ ഏതുവിധേനെയും നശിപ്പിക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നത്. ബുദ്ധക്ഷേത്രങ്ങളും വിഹാരങ്ങളും വ്യാപകമായി തകര്‍ക്കുകയാണ്.
തിബത്തന്‍ ജനതയ്ക്കുനേരേ വിഷപ്രയോഗവും നടത്തുന്നു. എന്നാല്‍, ബെയ്ജിങ്ങിന്റെ ഉദ്യമങ്ങള്‍ ലക്ഷ്യം കാണില്ല. ബുദ്ധധര്മത്തിലുള്ള അടിയുറച്ച വിശ്വാസം പ്രതിസന്ധികളെ തരണം ചെയ്യാന്‍ അനുയായികളെ പ്രാപ്തരാക്കും. ബുദ്ധിസം വിഷമയമാണെന്നും വേരോടെ പിഴുതെറിയണമെന്നുമാണ് ചൈനീസ് സര്‍ക്കാരിന്റെ പ്രചാരണം. എന്നാല്‍, ചൈനയില്‍ ഇപ്പോഴും ബുദ്ധമതത്തില്‍ വിശ്വസിക്കുന്നവരുണ്ട്. ജനമനസുകളില്‍ നിന്ന് ബുദ്ധനെയോ ബുദ്ധിസത്തെയോ പറിച്ചെറിയാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. ഉദ്യമങ്ങളെല്ലാം വ്യര്ഥമാകുന്നതിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. അടിച്ചമര്‍ത്താനുള്ള ഓരോ ശ്രമവും ഉയിര്‍ത്തെഴുന്നേല്‍പ്പിനു വഴിവയ്ക്കും- ദെലെലാമ പറഞ്ഞു.
ബോധ്ഗയയില്‍ മൂന്നു ദിവസമായി നടന്ന പരിപാടിയില്‍ വിവിധ രാഷ്ട്രങ്ങളില്‍നിന്നായി അറുപതിനായിരത്തോളം ബുദ്ധമതാനുയായികള്‍ സംബന്ധിച്ചു. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വന്‍നിരയും ചടങ്ങിനെ സമ്പന്നമാക്കി. അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച ദെലെലാമ ഇന്നലെ സംസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്തു.

