വൈദേകം റിസോർട്ട് വിവാദത്തിൽ സ്ഥാപനത്തിന്റെ മുൻ എം.ഡി , പി.കെ.രമേഷ് കുമാറുമായുളള ഇ.പി.യുടെ ബന്ധം പാർട്ടി അന്വേഷിക്കും

കണ്ണൂർ : വൈദേകം റിസോർട്ട് വിവാദത്തിൽ സ്ഥാപനത്തിന്റെ മുൻ എം.ഡിയും തലശ്ശേരിയിലെ വ്യവസായിയുമായ പി.കെ.രമേഷ് കുമാറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും തമ്മിലുള്ള ഇടപാടുകൾ പാർട്ടി നേതൃത്വം അന്വേഷിക്കുന്നു. തലശേരിയിലെ റേഷൻ കട ജീവനക്കാരനായിരുന്ന രമേഷ് കുമാറിന് ഇ.പിയുമായി ഇടപാടുകൾ നടത്താൻ മാത്രം ദൃഢമായ ബന്ധമുണ്ടായത് എങ്ങനെയെന്നാണ് പാർട്ടി അന്വേഷിക്കുന്നത്. ജില്ലാ കമ്മിറ്റി അന്വേഷണം നടത്തി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും..കോടികളുടെ ആസ്തിയുള്ള ബിസിനസുകാര നായി രമേഷ് കുമാർ വളർന്നതിനും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെഅടുപ്പക്കാരനായതിനും പിന്നിൽ പലരുടെയും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പാർട്ടി കരുതുന്നത്.രമേഷ് കുമാറിന്റെ വീട്ടിലും മറ്റും നടക്കുന്ന സ്വകാര്യചടങ്ങുകളിൽ പങ്കെടുക്കാൻ മാത്രമുള്ള അടുപ്പം ഇ.പി ജയരാജന് എങ്ങനെയുണ്ടായെന്നതും അന്വേഷണവിഷയമാകും.

തലശ്ശേരി കേന്ദ്രീകരിച്ച് കരാർ ജോലികൾ ചെയ്തിരുന്ന കോഴിക്കോട് സ്വദേശി എം.സിലക്ഷ്മണന്റെ ഓഫീസിൽ അക്കൗണ്ടിംഗ് ഭാഗത്തിലെത്തിയതോടെയാണ് രമേഷ്‌കുമാറിന്റെ വളർച്ച തുടങ്ങുന്നത്. അധികം വൈകാതെ സ്ഥാപനത്തിന്റെ മാനേജരായി. ലക്ഷ്മണന്റെ മരണശേഷം കമ്പനി പൂർണമായും രമേഷ് കുമാറിന്റെ നിയന്ത്രണത്തിലായി. പിന്നാലെ, സി.പി.എം സഹകരണ മേഖലയിൽ ആരംഭിക്കുന്ന സംരംഭങ്ങളുടെയെല്ലാം നിർമ്മാണച്ചുമതല രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എം.സി. ഗ്രൂപ്പിന് കിട്ടി. തളിപ്പറമ്പിലെയും തലശ്ശേരിയിലേയും വടകരയിലെയും സഹകരണ ആശുപത്രികൾ, കണ്ണൂരിലെ നായനാർ അക്കാഡമി തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം കരാർ ജോലി രമേഷ് കുമാറിനായിരുന്നു.

ഇ.പിയുമായുള്ള അടുപ്പമാണ് ഇവയുടെ നിർമ്മാണം ലഭിക്കാൻ തുണയായത്.കോൺഗ്രസിലെയും ലീഗിലെയും എന്നുവേണ്ട എല്ലാ പാർട്ടികളിലെ നേതാക്കളുമായും രമേഷ് കുമാറിന് നല്ല അടുപ്പമുണ്ട്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള തലശേരിയിലെ സഹകരണ ഇന്ദിരാഗാന്ധി ആശുപത്രി നിർമ്മിച്ചതും എം.സി ഗ്രൂപ്പാണ്. കണ്ണൂരിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് വീടും പണിതു നൽകി. മാഹി ഡന്റൽ കോളേജ് ചെയർമാൻ, കുണ്ടൂർമലയിൽ സ്വാശ്രയ കോളേജ്, നിരവധി ഷോപ്പിംഗ് കോംപ്ലക്സ്,അങ്ങനെ വിപുലമാണ് രമേഷ് കുമാറിന്റെ ബിസിനസ് ലോകം.

2014ൽ ഇ.പിയുടെ മകൻ പി.കെ ജെയ്സണുമായി ചേർന്ന് രമേഷ് കുമാർ 30 കോടിയുടെ ആയുർവേദ റിസോർട്ട് പദ്ധതിക്ക് തുടക്കമിടുകയായിരുന്നു. സമാന്തരമായിസ്വന്തം നിലയിൽ മറ്റൊരു റിസോർട്ടിന് രമേഷ് നീക്കം തുടങ്ങിയതോടെയാണ് തെറ്റിയതെന്ന് അഭ്യൂഹമുണ്ട്.സ്ഥാപനത്തിന്റെ എം.ഡി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനൊപ്പം ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. പക്ഷേ, ഇപ്പോഴും ഓഹരിയുടെ നല്ലൊരു പങ്കും രമേഷിന്റെ കൈവശമാണ്.റിസോർട്ട് നിർമ്മാണത്തിൽ രമേഷ് കുമാർ നടത്തിയ സാമ്പത്തിക തട്ടിപ്പ് ബോർഡ് അന്വേഷിച്ച് വരികയാണെന്ന് വൈദേകം സി.ഇ.ഒ ജോസഫ് വെളിപ്പെടുത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →