തിരുവനന്തപുരം: അരിയിൽഷുക്കൂർ വധകേസിൽ ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നതിന് കുഞ്ഞാലിക്കുട്ടിയാണ് കാരണമെന്ന അഭിഭാഷകൻ ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ തെറ്റെന്ന് മുൻ ഡിവൈഎസ്‍പി പി സുകുമാരൻ . കേസ് അന്വേഷണത്തിൽ ആരും സ്വാധീനിച്ചിട്ടില്ലെന്നും ഹരീന്ദ്രനെ അഭിഭാഷകനെന്ന നിലയിൽ അറിയാമെന്നും മുൻ ഡിവൈഎസ്‍പി പറഞ്ഞു.
അന്ന് പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ജയരാജനെ രക്ഷിക്കാനെത്തിയെന്നാണ് യുഡിഎഫിന്റെ കേസുകൾ കൈകാര്യം ചെയ്തിരുന്ന മുതിർന്ന അഭിഭാഷകൻ ടി പി ഹരീന്ദ്രൻ ഫേസ്ബുക്കിലുടെ വെളിപ്പെടുത്തിയത്. അന്നത്തെ എസ്‍പിയെ കുഞ്ഞാലിക്കുട്ടി സ്വാധീനിച്ച് ദുർബല വകുപ്പ് മാത്രം ചുമത്തി ജയരാജനെ രക്ഷിച്ചെന്നാണ് ഹരീന്ദ്രന്റെ ആരോപണം.
2012 ഫെബ്രുവരിയിൽ പട്ടുവം അരിയിൽ ലീഗ് സിപിഎം സംഘർഷമുണ്ടായപ്പോൾ പി ജയരാജൻ പ്രദേശത്ത് എത്തി. അന്ന് ജയരാജന്റെ വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് എംഎസ്എഫ് നേതാവായ അരിയിൽ ഷുക്കൂറിനെ സിപിഎം പ്രവർത്തകർ തടങ്കലിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്.

