തിരുവനന്തപുരം : തിരുവിതാംകൂർ,കൊച്ചി ദേവസ്വം ബോർഡുകൾ കഴിഞ്ഞ രണ്ട് വർഷമായി ശാന്തിക്കാരുടെ ഒഴിവുകൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിയശേഷം മുന്നൂറിൽപ്പരം ഒഴിവുകളിൽ സംവരണം അട്ടിമറിച്ചും, യോഗ്യതാ മാനദണ്ഡങ്ങൾ ലംഘിച്ചും താത്കാലിക നിയമനം നടത്തിയതായി കണ്ടെത്തി. ഒന്നാം പിണറായി സർക്കാരിന്റെ നവോത്ഥാന നടപടിക്ക് തുരങ്കം വക്കുന്ന നടപടികളാണ് ബോർഡുകളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുളളത്.
തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്ക് കീഴിൽ മൂവായിരത്തിൽപ്പരം ക്ഷേത്രങ്ങളുണ്ട്.ഇവയിൽ അഞ്ഞൂറിലേറെ ക്ഷേത്രങ്ങളിൽ സ്ഥിരം ശാന്തിക്കാരില്ല.തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ശാന്തി നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിട്ട് രണ്ടര വർഷമായി.കൊച്ചി ദേവസ്വം ബോർഡിൽ ഒരു വർഷം പിന്നിട്ടു. രണ്ട് ബോർഡുകളും ഒഴിവുകൾ റിപ്പോർട്ട്ചെയ്യാത്തതിനാൽ,സംവരണം പാലിച്ചുള്ള സ്ഥിരം നിയമനത്തിന് വിജ്ഞാപനമിറക്കാൻ ദേവസ്വംറിക്രൂട്ട്മെന്റ് ബോർഡിന് കഴിയുന്നില്ല.അബ്രാഹ്മണരെ അകറ്റി നിറുത്തുകയാണ് തന്ത്രം.കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നശേഷം 2016 മുതലാണ് ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷം തയ്യാറാക്കിയ റാങ്ക് പട്ടികകളിൽ നിന്ന് തിരുവിതാംകൂർ,കൊച്ചി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പിന്നാക്ക,പട്ടിക വിഭാഗക്കാർ ഉൾപ്പെടെ 461 പേരെ നിയമിച്ചു
നൂറ്റാണ്ടുകളായി ക്ഷേത്ര പ്രവേശനത്തിനോ,ക്ഷേത്ര വഴികളിൽ കൂടി നടക്കാനോ പോലും അനുവാദമില്ലാതിരുന്നവരുടെ പ്രതിനിധികൾക്ക് ശ്രീകോവിലുകൾക്കുള്ളിൽ കടന്ന് പൂജാ കർമ്മം നിർവഹിക്കാൻ അതോടെ അവസരം ലഭിച്ചു. ഇടതുപക്ഷ സർക്കാരിന്റെ വിപ്ളവകരമായ ആ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും,പിന്നാക്ക-പട്ടിക വിഭാഗ ക്ഷേമ മന്ത്രി എ.കെ.ബാലനും നിയമസഭയിലും പൊതു വേദികളിലും ഏറെ അഭിമാനം കൊണ്ടതാണ്ആ ദ്യ റാങ്കുപട്ടികയിൽ ഏറെയും അവർണർആദ്യ റാങ്ക് പട്ടികയിൽ നിന്ന് നിയമനം ലഭിച്ച ശാന്തിക്കാരിൽ ഏറെയും പിന്നാക്ക,പട്ടിക വിഭാഗക്കാരാണ്.ഇനി അവരുടെ നിയമനം പരമാവധി തടയാനാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. മാത്രമല്ല അധികൃതർക്ക് വേണ്ടപ്പെട്ടവരെ യഥേഷ്ടം നിയമിക്കുകയും ചെയ്യാം
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 310 പേരെയും, കൊച്ചി ദേവസ്വം ബോർഡിൽ 151 പേരെയുമാണ് കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്ന് നിയമിച്ചത്. ആകെ നിയമനം ലഭിച്ചത് 461പേർക്കാണ്. അതിൽ മുന്നാക്ക വിഭാഗം(ബ്രാഹ്മണ,നായർ)..166. ഈഴവർ170..മറ്റ് പിന്നാക്കക്കാർ(വിശ്വകർമ്മ,ധീവരഹിന്ദു നാടാർ…. )81. പട്ടികജാതി,പട്ടിക വർഗം 44 എന്നിങ്ങനെയാണ്നിയമനങ്ങൾ നടന്നത്.