മഞ്ഞുവീഴ്ചയില്‍ 18 മണിക്കൂര്‍ കാറില്‍ കുടുങ്ങി: യുവതിക്ക് ദാരുണാന്ത്യം

ന്യൂയോര്‍ക്ക്: അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കിടെ കാറിനുള്ളില്‍ കുടുങ്ങി 22 വയസുകാരിക്ക് ദാരുണാന്ത്യം. 23/12/2022 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ജോലിസ്ഥലത്തുനിന്ന് മടങ്ങവേയാണ് ന്യൂയോര്‍ക്കിലെ ബഫല്ലോ സ്വദേശിയായ ആന്‍ഡേല്‍ ടെയ്‌ലര്‍ അപകടത്തില്‍പെട്ടത്. കനത്ത മഞ്ഞുവീഴ്ച മൂലം നിര്‍ത്തിയിട്ട വാഹനങ്ങളും വീടുകളും മഞ്ഞ് മൂടിയ നിലയിലാണ്.ഷാര്‍ലറ്റില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ആന്‍ഡേല്‍ അയച്ച അവസാനത്തെ വീഡിയോയില്‍ മഞ്ഞിലകപ്പെട്ട് മുന്നോട്ടുനീങ്ങാനാവാതെ കാര്‍ നില്‍ക്കുന്നതും പുറത്ത് ശക്തമായി കാറ്റടിക്കുന്നതും വ്യക്തമാണ്. കാറ്റവസാനിക്കുന്നതുവരെ കാറില്‍ തന്നെ കാത്തിരുന്ന ശേഷം കാറില്‍നിന്നിറങ്ങി വീട്ടിലേക്ക് മടങ്ങാമെന്നായിരുന്നു ആന്‍ഡേല്‍ കരുതിയിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍, 18 മണിക്കൂറോളം കാറിനുള്ളില്‍ കുടുങ്ങി.വീഡിയോ അയച്ച ഉടനെ കുടുംബാംഗങ്ങള്‍ ആന്‍ഡേലിനെ കണ്ടെത്താനായി എമര്‍ജന്‍സി സര്‍വീസിന്റെയും സുഹൃത്തുക്കളുടേയും സഹായം തേടിയിരുന്നു. എന്നാല്‍, ശനിയാഴ്ച ഉച്ചയോടെ യുവതിയെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പോലീസും അഗ്‌നിരക്ഷാസേനയും മഞ്ഞുവീഴ്ചയിലും ചുഴലിക്കാറ്റിലും കുടുങ്ങിയതിനാല്‍ ജീവനോടെ ആന്‍ഡേലിനെ കണ്ടെത്താനായില്ലന്ന് സഹോദരി ടൊമേഷ്യ പറഞ്ഞു. ആന്‍ഡേലിന്റെ മരണകാരണം വ്യക്തമല്ലെങ്കിലും കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചായിരിക്കാം മരണമെന്ന് ആന്‍ഡേലിന്റെ അമ്മ പറഞ്ഞു. ജനുവരിയില്‍ 23 വയസ് തികയാനിരിക്കെയാണ് ആന്‍ഡേലിന്റെ മരണം സംഭവിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →