ന്യൂയോര്‍ക്ക്: യു.എസില്‍ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 60 കടന്നു. മഞ്ഞുവീഴ്ചയെ തുടര്‍ന്നു ജനജീവിതം താറുമാറായ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുകയാണ്. മഞ്ഞുവീഴ്ച തുടരുമെന്നാണു കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതിശൈത്യത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ന്യൂയോര്‍ക്ക് ഗവര്‍ണറുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി.ഇതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം നേരിടാന്‍ ന്യൂയോര്‍ക്കിന് ഫെഡറല്‍ സഹായം ലഭിക്കും. ഇതുവരെ 27 മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതിനു മുമ്പ് കൊടിയ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയ 1977 ല്‍ ന്യൂയോര്‍ക്കില്‍ 25 പേര്‍ മരിച്ചിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാന്‍ ആയിട്ടില്ല. മഞ്ഞുമൂടി കിടക്കുന്ന വാഹനങ്ങളില്‍നിന്നാണ് പല മൃതദേഹവും ലഭിച്ചിട്ടുള്ളത്. ഈ അവസ്ഥയില്‍ ഇനിയും നിരവധി വാഹനങ്ങളുണ്ട്.
തടസപ്പെട്ട വൈദ്യുതി വിതരണം പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കാനാകാത്തത് ദുരിതം വര്‍ധിപ്പിക്കുന്നു. പല വീടുകളും ഇരുട്ടിലാണ്. ഇതിനിടെ വീടുകള്‍ക്കകത്ത് താപനില കുറയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മഞ്ഞുവീഴ്ചയുടെ മറവില്‍ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ ബഫല്ലോയില്‍ ഒരു കട കുത്തിത്തുറന്ന് അരലക്ഷം ഡോളറിന്റെ ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ കവര്‍ന്നതായി കടയുടമ പരാതിപ്പെട്ടു. റെയില്‍, റോഡ്, വ്യോമഗതാഗത സംവിധാനങ്ങള്‍ ഇനിയും പഴയ പടിയായിട്ടില്ല. മൂവായിരത്തിലേറെ വിമാനങ്ങള്‍ ഇന്നലെയും റദ്ദാക്കി.