ബേപ്പൂര്‍: കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ കാണാന്‍ ബേപ്പൂര്‍ തുറമുഖത്ത് വന്‍ തിരക്ക്. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയത്. ശനിയാഴ്ച മാത്രം മൂവായിരത്തിലധികം പേര്‍ കപ്പല്‍ സന്ദര്‍ശിച്ചു. തീരത്ത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത കപ്പല്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ കൗതുകമുണര്‍ത്തി. കോസ്റ്റ് ഗാര്‍ഡ് കപ്പലില്‍ ആദ്യമായി കയറുന്നതിന്റെ ത്രില്ലിലായിരുന്നു ചിലര്‍. മറ്റു ചിലരാകട്ടെ കപ്പല്‍ കാഴ്ചകള്‍ ആസ്വദിക്കാനുള്ള ആകാംക്ഷയിലും.
നേവി, ആര്‍മി, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, മാരിടൈം ബോര്‍ഡ് എന്നീ സ്റ്റാളുകള്‍ തുറമുഖത്തു സജ്ജീകരിച്ചിച്ചിട്ടുണ്ട്. സ്റ്റാളുകള്‍ സന്ദര്‍ശിച്ച ശേഷം കപ്പലില്‍ കയറാം. കപ്പലിന്റെ ബ്രിഡ്ജ് ഡെക്കിലും മെയിന്‍ ഡെക്കിലും കയറാനുള്ള സൗകര്യമുണ്ട്. കപ്പലില്‍ കയറുന്ന സ്ത്രീകളെ ആദരസൂചകമായി സല്യൂട്ട് ചെയ്തു സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശകര്‍ക്ക് ഹൃദ്യാനുഭവമായി മാറി. കപ്പലിന് മുന്‍വശത്തായി സജ്ജീകരിച്ച തോക്കുകള്‍ കാണാനാണ് വന്‍ തിരക്ക്. കപ്പലിന്റെ പിറകിലായി ഒരുക്കിയ സുരക്ഷാ ഉപകരണങ്ങളും മറ്റും ആളുകള്‍ അത്ഭുതത്തോടെ നോക്കിക്കണ്ടു.
50 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ വീതിയുമുള്ള കപ്പലാണ് ഐ സി ജി എസ് അര്‍ണവേശ്. കപ്പല്‍ കാണാനെത്തുന്നവര്‍ക്ക് തീരദേശ സുരക്ഷയെക്കുറിച്ചും കോസ്റ്റ് ഗാര്‍ഡിന്റെ ദൗത്യങ്ങളെക്കുറിച്ചുമെല്ലാം കണ്ടും കേട്ടും മനസ്സിലാക്കാം. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് സന്ദര്‍ശന സമയം.

