തിരുവനന്തപുരം : ജല അതോറിറ്റി കണക്ഷനുകൾ വിച്ഛേദിച്ചത് അനധികൃതമായി പുനഃസ്ഥാപിച്ച് വഞ്ചിയൂർ കോടതിവളപ്പിലെ ബാർ അസോസിയേഷനും കാന്റീനും 4.4 കോടിയോളം രൂപയാണ് ഇരു കെട്ടിടങ്ങളിലേയും കുടിവെള്ളത്തുകയായി അടയ്‌ക്കേണ്ടത്. ഇത് അടയ്ക്കാൻ നിരവധി തവണ ബാർ അസോസിയേഷൻ ഭാരവാഹികളെ സമീപിച്ചിരുന്നതായി ജല അതോറിറ്റി അധികൃതർ പറയുന്നു.കാന്റീൻ കെട്ടിടത്തിന് മൂന്ന് കോടിയോളം രൂപയും ബാർ അസോസിയേഷന്റെ 1.3 കോടിയിലേറെ രൂപയോളമാണ് കുടിശ്ശികയുള്ളത്.
ബാർ അസോസിയേഷൻ കെട്ടിടത്തിൽ 2007 മുതലും കാന്റീന്റെ കുടിശ്ശിക 2017 മുതലും അടച്ചിട്ടില്ല. ജല അതോറിറ്റി ആംനെസ്റ്റി പദ്ധതിപ്രകാരം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ ബാർ അസോസിയേഷനും അപേക്ഷ നൽകിയതാണ്. എന്നാൽ തുടർന്ന് ഹിയറിങ്ങിന് ഹാജരായില്ല. അസോസിയേഷൻ ഭാരവാഹികളെ നിരവധി തവണ ഹിയറിങ്ങിനെത്താൻ വിളിച്ചിരുന്നതാണെന്ന് അതോറിറ്റി അധികൃതർ പറയുന്നു. പദ്ധതിപ്രകാരം ഹിയറിങ്ങിന് ഹാജരായെങ്കിൽ തുകയിൽ ഇളവുകൾ ലഭിക്കുമായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക പ്രതിസന്ധി വന്നതോടെയാണ് കുടിശ്ശികയുള്ള കണക്ഷനുകൾ വിച്ഛേദിക്കുന്നതടക്കമുള്ള നടപടികളിലേക്ക്് ജല അതോറിറ്റി കടന്നത്. വീടുകളിലേതടക്കം നൂറുകണക്കിന് കണക്ഷനുകളാണ് കഴിഞ്ഞ രണ്ട് മൂന്ന് മാസംകൊണ്ട് വിച്ഛേദിച്ചത്. കോർപ്പറേഷൻ ഓഫീസ്, കെ.എസ്.ആർ.ടി.സി. ഓഫീസ് എന്നിവ അടക്കമുള്ളവയിലെ കണക്ഷനുകളും വിച്ഛേദിച്ചിരുന്നു. ഇവരെല്ലാം കുടിശ്ശിക അടച്ചാണ് കുടിവെള്ള കണക്ഷനുകൾ പുനഃസ്ഥാപിച്ചത്.
.ഇതിന്റെ ഭാഗമായാണ് 2022 ഡിസംബർ ഒന്നിനും രണ്ടിനും ബാർ അസോസിയേഷൻ കെട്ടിടങ്ങളിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത്. എന്നാൽ റീ കണക്ഷനുവേണ്ടി സമീപിക്കാത്തതിനാൽ ഡിസംബർ ഒമ്പതാം തീയതി വീണ്ടും സ്ഥല പരിശോധന നടത്തിയപ്പോഴാണ് കണക്ഷനുകൾ അനധികൃതമായി പുനഃസ്ഥാപിച്ച് ജലമോഷണം നടത്തുന്നത് കണ്ടെത്തിയത്. കണക്ഷനുകൾ വിച്ഛേദിക്കുമ്പോൾ കാന്റീൻ നടത്തിപ്പുകാരും ഒപ്പമുള്ളവരും ഭീഷണി മുഴക്കിയതിനാൽ മോഷണം തടയാനായില്ലെന്നും പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജലമോഷണം നടത്തിയതിന് രണ്ട് കണക്ഷനുകളിൽ നിന്നുംകൂടി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇനിയും തുക അടച്ചില്ലെങ്കിൽ റവന്യു റിക്കവറി നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

