മെഡിക്കൽ കോളേജിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് മന്ത്രി എം.ബി.രാജേഷ് സന്ദർശിച്ചു

തിരുവനന്തുപുരം മെഡിക്കൽ കോളേജിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് സന്ദർശിച്ചു. മലിന ജലത്തിൽ നിന്ന് ശാസ്ത്രീയമായ രീതിയിൽ ശുദ്ധജലം വേർതിരിച്ചെടുക്കുന്ന പ്ലാന്റിലെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനാണ് മന്ത്രിയെത്തിയത്. ഇത്തരത്തിൽ ശുദ്ധീകരിച്ച വെള്ളം കോരിയെടുത്ത് മന്ത്രി പരിശോധിച്ചു. പ്ലാന്റിലെ ജലം തീർത്തും ഉപയോഗപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ പല തവണ ശുദ്ധീകരിച്ച ജലം നിലവിൽ ജലസേചന ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുന്നത്. കൂടുതൽ ശുദ്ധീകരിച്ച ശേഷം മറ്റ് ആവശ്യങ്ങൾക്കും ജലം ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മലിനജല സംസ്‌കരണം, മാലിന്യ സംസ്‌കരണം എന്നിവ സബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് പലയിടത്തും മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളെ എതിർക്കുന്നത് ഈ തെറ്റിദ്ധാരണ മൂലമാണ്.

കേരളം മാലിന്യ സംസ്‌കരണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിൽ കേരളം മികച്ച മാതൃകകൾ ഇതിനോടകം നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരസഭ അമൃത് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച പ്ലാന്റ് 2021 സെപ്തംബറിലാണ് പ്രവർത്തനമാരംഭിച്ചത്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, കടംകംപളളി സുരേന്ദ്രൻ എം.എൽ.എ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →