ഇസ്ലാമാബാദ്: ഉത്തരവാദിത്തമുള്ള അണവായുധ രാഷ്ട്രമാണ് തങ്ങളുടേതെന്ന് പാകിസ്താന്‍ മന്ത്രി ഷാസിയ മാരി. വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ മോദിവിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യയില്‍ പ്രതിഷേധം കനക്കുന്നതിനിടെ പാകിസ്താന്‍ അണവായുധ രാഷ്ട്രമാണെന്ന വസ്തുത മറക്കരുതെന്നു മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ പരാമര്‍ശം.
ബിലാവല്‍ ഭൂട്ടോയെ പിന്തുണച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഷാസിയയുടെ ഭീഷണി. ഒരുദിവസത്തിനുശേഷം സ്വരം മയപ്പെടുത്തിയ അവര്‍, അണ്വായുധ ശക്തിയാണെങ്കിലും പാകിസ്താന്റെ ഭാഗത്തു നിന്ന് ഉത്തരവാദിത്തരഹിതമായ സമീപനമുണ്ടാകില്ലെന്ന് 18/12/2022 വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കുള്ള സ്വാഭാവിക പ്രതികരണമാണു ബിലാവല്‍ നടത്തിയത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയേക്കാള്‍ ത്യാഗം അനുഷ്ഠിച്ചതു പാകിസ്താനാണ്. അണ്വായുധ രാഷ്ട്രമെന്ന പദവിയുടെ ഉത്തരവാദിത്തവും കടമകളും സംബന്ധിച്ച് ഉത്തമബോധ്യമുണ്ട്-ഷാസിയ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപഹസിച്ച് പാക്‌വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ നടത്തിയ പരാമര്‍ശം ഇന്ത്യയില്‍ വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടു.എന്നാല്‍, ഗുജറാത്തിലെ കശാപ്പുകാരന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നായിരുന്നു ബിലാവലിന്റെ മോദിവിരുദ്ധ കടന്നാക്രമണം.ഇതിനെതിരേ യു.എന്നില്‍ ഉള്‍പ്പെടെ ഇന്ത്യ കടുത്തുഭാഷയില്‍ ഇന്ത്യ മറുപടി നല്‍കി. അതിനിടെ ബിലാവലിനെ പിന്തുണച്ച് രംഗത്തെത്തിയ ഷാസിയ പാകിസ്താന്റെ പക്കല്‍ അണുബോംബുണ്ടെന്ന കാര്യം മറക്കരുതെന്നു മുന്നറിയിപ്പ് നല്‍കി. അണവായുധരാഷ്ട്രപദവി നിശബ്ദമായിരിക്കാനല്ല, അവശ്യസന്ദര്‍ഭത്തില്‍ വിനിയോഗിക്കാനാണെന്നായിരുന്നു ഷാസിയയുടെ ഭീഷണി.

