ബഫർ സോൺ വിഷയത്തിൽ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി.

കണ്ണൂർ: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് അപൂർണ്ണവും ആശങ്ക വർദ്ധിപ്പിക്കുന്നതുമാണെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി.പ്രസ്താവനയിൽ ആരോപിച്ചു. ഈ വിഷയത്തിൽ സർക്കാർ നടത്തുന്നത് ഒളിച്ചുകളിയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ജനവാസമേഖലകൾ ഉൾപ്പെടുന്നതും അശാസ്ത്രീയമായതുമായ ഉപഗ്രഹ സർവേ സംബന്ധിച്ച പരാതി കേൾക്കാനും പരിഹരിക്കാനും വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ചത് പ്രതിഷേധാർഹമാണ്. പന്ന്രി സ്ഥിതിലോല മേഖലയിൽ പഞ്ചായത്തുതല വിദഗ്ധ സമിതികൾ രൂപീകരിച്ച് ഗ്രൗണ്ട് സർവേയും പഠനവും നടത്തി വേണം ബഫർ സോൺ പരിധി സംബന്ധിച്ച റിപ്പോർട്ട് തയാറാക്കേണ്ടത്. ഗ്രൗണ്ടിൽ മാർക്ക് ചെയ്തു അടയാളപ്പെടുത്തലുകൾ രേഖപ്പെടുത്തിയാൽ മാത്രമെ ബഫർസോൺ പരിധി കൃത്യമായി മനസിലാക്കാൻ സാധിക്കൂയെന്നും സുധാകരൻ പറഞ്ഞു.

സ്ഥലപ്പേരുകളും മറ്റും ഉൾപ്പെടുത്തി ലളിതമായി ജനങ്ങൾക്ക് മനസിലാകും വിധം റിപ്പോർട്ടിൽ അടയാളപ്പെടുത്തുന്നതിന് പകരം സർവേ നമ്പരുകൾ രേഖപ്പെടുത്തിയത് കാരണം അതിരുകൾ തിരിച്ചറിയാൻ കഴിയുന്നില്ല. അതുകൊണ്ട് സാധാരണജനങ്ങൾക്ക് മനസിലാക്കാൻ കഴിയാത്ത ഉപഗ്രഹ സർവേ റിപ്പോർട്ടിൻമേൽ വിദഗ്ധസമിതി മുൻപാകെ ലഭിക്കുന്ന എല്ലാ പരാതികളിലും തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഭൗതിക സ്ഥലപരിശോധന നടത്തുമെന്ന വനംമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിക്കാനാണെന്നും സുധാകരൻ പറഞ്ഞു.

മലയോര പ്രദേശവാസികളെ വഞ്ചിച്ച് ബഫർസോൺ അനുകൂല നിലപാടാണ് എൽ.ഡി.എഫും സർക്കാരും സ്വീകരിക്കുന്നത്. അതിന് ഉദാഹരണമാണ് 2019 ഒക്ടോബർ 23-ന്റെ മന്തിസഭാ തീരുമാനം. സംരക്ഷിത മേഖലയ്ക്കു ചുറ്റുമുള്ള ഭൂമിയുടെ ഉപയോഗം, ജനവാസമേഖലകൾ, കൃഷി ഭൂമി, വ്യവസായങ്ങൾ, അവയുടെ സ്വഭാവം, വാണിജ്യ പൊതുകെട്ടിടങ്ങൾ എന്നിവ സംബന്ധിച്ചു പട്ടിക തയാറാക്കണമെന്ന സുപ്രീം കോടതി നിർദേശം പാലിക്കുന്നതിൽ സംസ്ഥാന വനംവകുപ്പ് ഗുരുതവീഴ്ചയാണ് വരുത്തിയത്. അത്തരമൊരു റിപ്പോർട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കാത്തത് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ഉപഗ്രഹ സർവേ റിപ്പോർട്ട് വനം വകുപ്പിനു ലഭിച്ചിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും ഇത്രയും നാൾ പ്രസിദ്ധീകരിക്കാതെ വച്ചതും വനം വകുപ്പിന്റെ വീഴ്ചയാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

കേരളത്തിൽ വന്യമൃഗശല്യം ഇപ്പോൾ തന്നെ വലിയ ഒരു ജീവൽപ്രശ്നമായി മാറിയിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടെ 1,423 പേരാണ് വന്യമൃഗ ആക്രമണത്തിലൂടെ കൊല്ലപ്പെട്ടത്. അതിനെ നേരിടാൻ നിലവിലെ വനനിയമങ്ങൾ കൊണ്ട് സാധ്യമല്ല. അതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വനനിയമങ്ങൾ വ്യാപിപ്പിക്കുന്നത് കർഷകരെയും ഇവിടങ്ങളിൽ താമസിക്കുന്ന സാധാരണക്കാരെയും വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളെ ബാധിക്കാതിരിക്കാൻ നിയമനിർമാണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതര അലംഭാവം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ബഫർ സോണിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും അത് സമയബന്ധിതമായി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. കേരളത്തിന്റെ ഭൂഘടനയും ജനങ്ങളുടെ ദുരിതവും കോടതിയിൽ കൃത്യമായി വിശദീകരിച്ച് ബോധ്യപ്പെടുത്താനുള്ള അവസരം സർക്കാരിന്റെ ഉദാസീനത കൊണ്ട് നഷ്ടമായെന്നും സുധാകരൻ കുറ്റപ്പെടുത്തി

യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പരിസ്ഥിതിയെ പൂർണമായി സംരക്ഷിച്ചുകൊണ്ട് ഉമ്മൻ വി. ഉമ്മൻ കമ്മിഷൻ സമർപ്പിച്ച ശുപാർശകൾ തള്ളിക്കളഞ്ഞാണ് പിണറായി സർക്കാർ ബഫർസോണിന് അനുകൂല നിലപാട് സ്വീകരിച്ചത്. എന്നിട്ട് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുകയാണ്. വീണ്ടുവിചാരമില്ലാതെ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി ജനകീയപ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ട വന്ന ഗതികേട് പിണറായി സർക്കാർ വിസ്മരിക്കരുത്. അതിൽനിന്നുള്ള അനുഭവപാഠം ഉൾക്കൊണ്ട് ബഫർ സോൺ വിഷയത്തിൽ ജനപക്ഷത്ത് നിന്നുള്ള നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ബഫർസോൺ നിർണയിക്കുമ്പോൾ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന സുപ്രീം കോടതി നിർദ്ദേശമുണ്ട്. ആ ആനുകൂല്യം ലഭിക്കണമെങ്കിൽ കുറ്റമറ്റതും പരാതിരഹിതവുമായ റിപ്പോർട്ടാണ് തയ്യാറാക്കേണ്ടത്. കർഷകരുടെയും സാധാരണജനങ്ങളുടെയും ആശങ്ക പരിഹരിക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ ജനകീയപ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും സുധാകരൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →