ദോഹ: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്ന ഫ്രാന്‍സ് ടീം അങ്കലാപ്പിലാണ്. ഖത്തറിലെ കാലാവസ്ഥ ഫ്രഞ്ചു പടയക്ക് കൊടുത്തത് എട്ടിന്റെ പണി. ക്യാമ്പില്‍ മൂന്ന് താരങ്ങള്‍ക്കും അത്രയും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഫ്‌ളു വൈറസ് പിടിച്ചു.
ഖത്തര്‍ ലോകകപ്പ് തുടങ്ങുമ്പോള്‍ ചൂടന്‍ കാലാവസ്ഥയായിരന്നു. നവംബറില്‍ സാധാരണ ഖത്തറില്‍ തണുപ്പാണ്. ഇക്കുറി അതുണ്ടായില്ല. പകല്‍ രാത്രി തണുപ്പുമായി പോകുകയായിരുന്നു. ഡിസംബര്‍ രണ്ടാം വാരം പെട്ടന്നു കാലാവസ്ഥ മാറി. ആദ്യ രണ്ടുദിവസം നല്ല തണുപ്പ്. ഇടയക്ക് മഴയും. വീണ്ടും കാലാവസ്ഥ മാറി. പകല്‍ ചൂടായി. അതോടെ താരങ്ങള്‍ക്കും കാണികള്‍ക്കും ”പനി”യായി. ഫൈനല്‍ എത്രയും പെട്ടെന്ന് നടക്കുന്നോ അത്രയും നല്ലത് എന്ന മട്ടിലാണ് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ്. ദെഷാംപ്‌സ് ക്യാമ്പിലെ രോഗത്തെകുറിച്ച് മാധ്യമ പ്രവര്‍ത്തകരുമായി ആശങ്ക പങ്കുവച്ചിരുന്നു. തങ്ങള്‍ അതീവ ജാഗ്രതയോടെയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്രിയന്‍ റാബിയോട്ട്, ഉപാമെകാനോ എന്നിവര്‍ക്കു വൈറസ് ബാധിച്ചിരുന്നു. ഇരുവര്‍ക്കും തൊണ്ട വേദനയാണ്. റാബിയോട്ട് ലോകകപ്പിലെ അഞ്ച് മത്സരങ്ങളില്‍ കളിച്ചു.
ഉപാമെകാനോ ഒരെണ്ണത്തില്‍ മാത്രമാണ് വിശ്രമിച്ചത്. ഇരുവരും പരിശീലനത്തിനില്ല. രണ്ടു പേരെയും പ്രത്യേക റൂമുകളിലേക്കും മാറ്റി. സപ്പോര്‍ട്ടിങ് സ്റ്റാഫിലെ ചിലര്‍ക്കും ഇതേ പ്രശ്‌നങ്ങളുണ്ട്. ഫ്‌ളൂ ബാധിക്കുന്നവര്‍ക്കു ക്ഷീണം അനുഭവപ്പെടുന്നതായും കോച്ച് വെളിപ്പെടുത്തി. താരങ്ങളെ മുഴുവന്‍ സമയവും എയര്‍ കണ്ടീഷനിലാണു പാര്‍പ്പിച്ചിരിക്കുന്നതെന്നു കോച്ച് വ്യക്തമാക്കി.ഖത്തറില്‍ കളി കാണാനെത്തിയ നിരവധി യൂറോപ്യന്‍ ആരാധകര്‍ക്കും സമാനമായ വൈറസ് ബാധ ഏറ്റെന്നാണ് വിവരം. യൂറോപ്പിലെ കാലാവസ്ഥയുമായുള്ള വ്യത്യാസമായിരിക്കാം കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.