തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന് സമീപത്തുള്ള 15/12/22 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത വഴുക്കുമ്പാറ മേൽപ്പാലത്തിന്റെ കൽക്കെട്ടിൽ വിള്ളൽ വീണ സ്ഥലത്ത് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ സന്ദർശനം നടത്തി. ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി രൂക്ഷമായ വിമർശനം ഉന്നയിച്ചു. കൽക്കെട്ട് മതിയായ മാനദണ്ഡങ്ങൾ പാലിച്ചല്ല നിർമ്മിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
റോഡിൽ എന്തുകൊണ്ടാണ് വിള്ളലുണ്ടായതെന്ന് മന്ത്രി ചോദിച്ചു. നിർമ്മാണത്തിൽ പ്രശ്നം ഉണ്ടായിരുന്നെങ്കിൽ എന്തിനാണ് തുറന്ന് കൊടുത്തത്. വിഷയത്തിൽ ഗുരുതരമായ അലംഭാവവും വീഴ്ചയുമുണ്ടായി. ജനത്തിന്റെ ആശങ്ക ശരിയാണ്. സന്ദർശനം അറിഞ്ഞ ദേശീയപാതാ അതോറിറ്റി 15/12/22 വ്യാഴാഴ്ച രാത്രി റോഡിൽ വിള്ളൽ വീണ ഭാഗത്ത് ഓട്ടയടച്ചു പോയെന്നും മന്ത്രി വിമർശിച്ചു.
പ്രൊജക്ട് ഡയറക്ടറോട് 24 മണിക്കൂറിനുള്ളിൽ സ്ഥലത്തെത്താൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു. അടിയന്തിര റിപ്പോർട്ട് 17/12/22 ശനിയാഴ്ചത്തന്നെ സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് സുരക്ഷ, കോമ്പൗണ്ട് വാൾ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ റിപ്പോർട്ട് നൽകണം. കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
16/12/22 വെള്ളിയാഴ്ച ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം ഇവിടെ പരിശോധന നടത്തും. ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് പറഞ്ഞ മന്ത്രി റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് പറഞ്ഞു.