തരൂരില്‍ ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ക്ക് വാഹനം

തരൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് പുതിയ വാഹനമായി. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ പഴയ പിക്കപ്പ് വാന്‍ നവീകരിച്ചാണ് പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വാര്‍ഡുകളില്‍ നിന്ന് അജൈവമാലിന്യ ശേഖരണത്തിന് 32 ഹരിതകര്‍മ്മ സേനാംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 16 വാര്‍ഡുകളിലും ഓരോ മിനി എം.സി.എഫുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2019 മുതലാണ് ഗ്രാമപഞ്ചായത്തില്‍ സേനാംഗങ്ങള്‍ മാലിന്യ ശേഖരണം ആരംഭിച്ചത്. മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഹരിതകര്‍മ്മ കൂട്ടായ്മ ചെയ്ത് വരുന്നത്. നിലവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രധാനമായും സേന വീടുകളിലെത്തി ശേഖരിക്കുന്നത്. ഹരിതകര്‍മ്മ സേന കലണ്ടര്‍ പ്രകാരം കുപ്പി, ബള്‍ബ്, വര്‍ഷത്തില്‍ ഒരിക്കല്‍ തുണി തുടങ്ങിയവും ശേഖരിക്കുന്നുണ്ട്. മാലിന്യ ശേഖരണത്തിന് പുറമെ പഴമ്പാലക്കോട്ടില്‍ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ തയ്യല്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ആറ് പേരാണ് യൂണിറ്റില്‍ ജോലി ചെയ്യുന്നത്. സേനാംഗങ്ങള്‍ക്കുള്ള വാഹനം തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി കൈമാറി. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →