പ്രളയ ദുരിതാശ്വാസം; ഏറ്റവും
കൂടുതല്‍ ധനസഹായം
കേരളത്തിലെന്ന് മന്ത്രി രാജന്‍

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ധനസഹായമായി ഏറ്റവും കൂടുതല്‍ തുക നല്‍കുന്ന സംസ്ഥാനം കേരളമാണെന്നു റവന്യൂമന്ത്രി കെ. രാജന്‍ നിയമസഭയില്‍. ദുരന്തത്തില്‍ ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് സ്ഥലം വാങ്ങാന്‍ ആറു ലക്ഷവും വീട് വയ്ക്കാന്‍ നാലു ലക്ഷവും ചേര്‍ത്ത് 10 ലക്ഷം രൂപ അനുവദിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം, വ്യക്തിഗത നാശനഷ്ടങ്ങള്‍ക്കും പൊതു നാശനഷ്ടങ്ങള്‍ക്കും വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. ഇതു പ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നു നല്‍കാന്‍ കഴിയുന്ന ധനസഹായം വളരെ കുറവാണ്.

എസ്.ഡി.ആര്‍.എഫ്. മാനദണ്ഡമനുസരിച്ച്, പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് കുന്നിന്‍ പ്രദേശങ്ങളില്‍ 1, 01900 രൂപയും സമതലങ്ങളില്‍ 95100 രൂപയുമാണ് നല്‍കാന്‍ കഴിയുന്നത്. എന്നാല്‍ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് നാശനഷ്ടത്തിന്റെ തോത് വിവിധ സ്ലാബുകളിലാക്കി 15 ശതമാനം വരെയുള്ളവര്‍, 16 മുതല്‍ 29 ശതമാനം വരെ, 30 മുതല്‍ 59 ശതമാനം വരെ, 60 മുതല്‍ 74 ശതമാനം വരെ, 75 മുതല്‍ 100 ശതമാനം വരെ എന്നിങ്ങനെ മാറ്റാനും പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പുറമ്പോക്കില്‍ താമസിക്കുന്നവരുടെ കാര്യത്തിലും അനുഭാവപൂര്‍ണമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെടെ വീട് നഷ്ടപ്പെട്ടവര്‍ക്ക് പരമാവധി നാലു ലക്ഷം രൂപം വരെ അനുവദിക്കുന്നതിനും ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ നല്‍കുന്നതിനുമുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →