ഫ്രാന്‍സും മൊറൊക്കോയും ഏറ്റുമുട്ടുമ്പോള്‍ സുഹൃത്തുക്കള്‍ തമ്മിലും മത്സരം

ദോഹ: ഫ്രാന്‍സും മൊറൊക്കോയും ഏറ്റുമുട്ടുമ്പോള്‍ അത് വെറും സൗഹൃദ മത്സരമല്ല. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ അടുത്ത സുഹൃത്താണ് മൊറോക്കോ താരം അഷ്റാഫ് ഹകീമി. മൈതാനത്ത് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍, ആ സൗഹൃദം തല്‍ക്കാലത്തേക്കു മറക്കും. ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്നിന്റെ താരങ്ങള്‍ കൂടിയാണ് അവര്‍. ഫ്രഞ്ച് ടീം ഖത്തറിലെത്തി വൈകാതെ എംബാപ്പെ മൊറോക്കോ താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തി ഹകീമിയെ കണ്ടിരുന്നു. സെമി ഫൈനലില്‍ എംബാപ്പെയെ മാര്‍ക്ക് ചെയ്യേണ്ട ചുമതല ഹകീമിക്കാണ്. ഫ്രാന്‍സിന്റെ ഇടതു വിങ്ങിലൂടെ എംബാപ്പെക്ക് ഗോളിലേക്ക് വഴി കാണണമെങ്കില്‍ ഹകീമിയെ കടന്നുപോകണം. ഹകീമിയാണ് ലോകത്തെ ഏറ്റവും മികച്ച റൈറ്റ് ബാക്കെന്ന് എംബാപ്പെ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ടൂര്‍ണമെന്റിലെ ടോപ്സ്‌കോററാണ് എംബാപ്പെ. മൊറോക്കോയുടേത് ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഡിഫന്‍സാണ്. ഒരു എതിര്‍ കളിക്കാരനും ആ പ്രതിരോധം ഭേദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹകീമിയും എംബാപ്പെയും 1998 ലാണ് ജനിച്ചത്. ഫ്രാന്‍സ് ആദ്യ ലോകകപ്പ് നേടി ഏതാനും മാസങ്ങള്‍ക്കു ശേഷം. പി.എസ്.ജിയിലെത്തിയ ശേഷം ഹകീമിയെ ഫ്രഞ്ച് പഠിപ്പിച്ചത് എംബാപ്പെയായിരുന്നു.

സംഗീതവും വീഡിയൊ ഗെയിമുമാണ് താല്‍പര്യങ്ങളെന്നത് ഇരുവരെയും അടുപ്പിച്ചിട്ടുണ്ടാവാം. ഹകീമി വലിയ ഭക്തനാണ്. ഈ വര്‍ഷം ഈദിന് ഹകീമിയും എംബാപ്പെയും പ്രത്യക്ഷപ്പെടുന്ന വീഡിയോയാണ് പി.എസ്.ജി. വെബൈ്സറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. എംബാപ്പെയ്ക്ക് അള്‍ജീരിയയില്‍ കുടുംബ വേരുകളുണ്ട്. അറബ് ഭക്ഷണരീതികള്‍ എംബാപ്പെയെ ശീലിപ്പിച്ചത് ഹകീമിയാണ്. എങ്ങനെ ഗോളാഘോഷിക്കണമെന്ന് ഇരുവരും റിഹേഴ്സല്‍ നടത്തി ഒരുങ്ങാറുണ്ട്. എംബാപ്പെക്ക് പന്ത് നല്‍കിയാല്‍ എന്തു സംഭവിക്കുമെന്നറിയാവുന്നതിനാല്‍ ഒപ്പം കളിക്കാന്‍ എളുപ്പമാണെന്ന് ഹകീമി പറഞ്ഞിരുന്നു. ഹകീമിക്ക് ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കന്‍ ടീമിന്റെ ഭാഗമാവണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →