കൊച്ചി: കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറെ (വി.സി) എത്രയും പെട്ടെന്ന് നിയമിക്കണമെന്ന് ഹൈക്കോടതി. സെര്‍ച്ച് കമ്മിറ്റിയംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ സെനറ്റിന് ഒരു മാസത്തെ സമയംകൂടി കോടതി അനുവദിച്ചു. ഇതിനു ശേഷം, മുമ്പു പുറപ്പെടുവിച്ച വിഞ്ജാപനം റദ്ദാക്കി ചാന്‍സലര്‍ പുതിയ വിജ്ഞാപനം ഇറക്കണം.
സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തീരുമാനിക്കാന്‍ അടിയന്തരമായി സെനറ്റിനു നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. കേസ് അടുത്ത മാസം എട്ടിനു പരിഗണിക്കാന്‍ മാറ്റി. കോടതി നല്‍കിയ സമയത്തിനുള്ളില്‍ പ്രതിനിധിയെ നിര്‍ദേശിക്കുന്നില്ലെങ്കില്‍ ചാന്‍സലര്‍ക്കു നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാം. സെനറ്റ് പ്രതിനിധിയെ കണ്ടെത്തിയാല്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കോടതി ചാന്‍സലര്‍ക്കു നിര്‍ദേശം നല്‍കി. സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കാനുള്ള ചാന്‍സലറുടെ വിജ്ഞാപനം ചോദ്യംചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
യു.ജി.സി. മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരു സെനറ്റ് അംഗവും യു.ജി.സി. ചെയര്‍മാന്‍ നിര്‍ദേശിക്കുന്ന ഒരംഗവും ചാന്‍സലര്‍ നിര്‍ദേശിക്കുന്ന ഒരംഗവും കമ്മിറ്റിയിലുണ്ടാകണം. സെര്‍ച്ച് കമ്മിറ്റിക്കുവേണ്ടിയുള്ള ചാന്‍സലറുടെ വിജ്ഞാപനം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സെനറ്റ് ഉറച്ചുനില്‍ക്കുകയാണ്. മൂന്നംഗങ്ങളില്‍ സെനറ്റ് അംഗമുണ്ടാകണമെന്നു കോടതി വ്യക്തമാക്കി.
സെര്‍ച്ച് കമ്മിറ്റിയിലെ സെനറ്റ് അംഗത്തെ നോമിനേറ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യം സെനറ്റ് അംഗങ്ങള്‍ മനസിലാക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വി.സി. വേണ്ടെന്നാണ് നിലപാടെങ്കില്‍ തുറന്നുപറയണമെന്നു കേരള സര്‍വകലാശാലയോടു കോടതി പറഞ്ഞു. വി.സി. ആവശ്യമാണെന്നു സര്‍വകലാശാല കോടതിയില്‍ വ്യക്തമാക്കി.

