ആശുപത്രിമാലിന്യങ്ങൾ വളമാക്കി മാറ്റുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്തി ഇന്റർ ഡിസിപ്ളിനറി സയൻസ് ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്മാർ

തിരുവനന്തപുരം: ആശുപത്രിമാലിന്യങ്ങൾ ഉടൻ വളമാക്കി ചെടികൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യ പാപ്പനംകോട്ടുള്ള ഇന്റർ ഡിസിപ്ളിനറി സയൻസ് ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. ലോകത്തിന് മാതൃകയാകുന്ന സംസ്കരണവിദ്യയ്ക്ക് മൂന്ന് ആഗോള പേറ്റന്റും ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരവും ലഭിച്ചു.ആശുപത്രിമാലിന്യം ആശുപത്രിപരിസരത്തുവച്ചുതന്നെ സംസ്കരിക്കാവുന്ന വിദ്യയാണിത്.ഒരു ബയോമെഡിക്കൽ കണ്ടെയ്നർ,അണുനശീകരണ കെമിക്കൽ മിശ്രിതം,സോളിഡിഫൈയിംഗ് ഏജന്റ് എന്ന് വിളിക്കുന്ന രാസമിശ്രിതപ്പൊടി എന്നിവയാണ് പ്രധാന ഘടകങ്ങൾ. ഈ മൂന്നിന്റെയും കണ്ടെത്തലിനാണ് പേറ്റന്റ്.

സിറിഞ്ച്,സൂചി തുടങ്ങി റീസൈക്കിൾ ചെയ്യാവുന്ന ലോഹവസ്തുക്കളും ഇതൊഴികെയുള്ള മറ്റെല്ലാ വസ്തുക്കളുമെന്ന നിലയിൽ മാലിന്യം രണ്ടു തരത്തിൽ സംഭരിക്കണം. ബയോമെഡിക്കൽ കണ്ടെയ്നറിൽ ഇതിടുന്നതാണ് ആദ്യപടി. ഇതിലേക്ക് അണുനശീകരണ രാസമിശ്രിതം തളിക്കും. അതോടെ ദുർഗന്ധം മാറി അണുക്കളില്ലാത്ത വസ്തുവായി മാറും. ഇതിലേക്ക് സോളിഡിഫൈയിംഗ് കെമിക്കൽ പൗഡർ ഇടണം.അതോടെ എല്ലാം ഉരുകി പൊടിഞ്ഞ് മണ്ണുപോലെയാകും. നല്ല വളമാണിത്. ലാൻഡ് ഫില്ലിംഗിനും ഉപയോഗിക്കാം

.കേന്ദ്രസർക്കാരിന്റെ മേക്ക് ഇന്ത്യ പദ്ധതിയനുസരിച്ച് ഇത് വ്യവസായാടിസ്ഥാനത്തിൽ നടപ്പാക്കാൻ അങ്കമാലിയിലെ ബയോവാസ്തു സൊല്യൂഷൻ ലിമിറ്റഡ് എന്ന സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ആശുപത്രികൾക്ക് ഉപകരണങ്ങൾ ഉൾപ്പെടെ നൽകുന്നതും ഇവരായിരിക്കും. സുരക്ഷാ,സാമ്പത്തിക പ്രശ്നങ്ങളുള്ളതിനാൽ രാസമിശ്രിതത്തിന്റെ കൂട്ട് വെളിപ്പെടുത്താനാകില്ല.നിലവിൽസംസ്ഥാനത്തെ ആശുപത്രിമാലിന്യം ഇന്ത്യൻമെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ശേഖരിച്ച് മലമ്പുഴയിലെ സംസ്കരണ പ്ളാന്റിൽ എത്തിച്ച് അത്യുഗ്രചൂട് കടത്തിവിട്ട് സംസ്കരിക്കുകയാണ് നിലവിൽ ചെയ്യുന്നത്. വൻചെലവ് വരുന്നതു മാത്രമല്ല വീര്യമേറിയ വൈറസുകൾ പോലെ തീവ്ര അണുവ്യാപനസാദ്ധ്യതയുള്ള വസ്തുക്കൾ റോഡിലൂടെ കൊണ്ടുപോയി പാലക്കാട് എത്തിക്കുന്ന് വലിയ വെല്ലുവിളിയുമാണ്. ചില ആശുപത്രികളും ക്ളിനിക്കുകളും മാലിന്യം കടലിൽ തള്ളുന്നതായും പരാതികളുണ്ട്.

.കേരളത്തിൽ പ്രതിദിനം 80 ടൺ ആശുപത്രി മാലിന്യമാണുണ്ടാകുന്നത്. രാജ്യത്താകെ 900 ടണ്ണും. വർഷം 321.32 കോടിയാണ് സംസ്കരണത്തിന് ചെലവാകുന്നത്. പുതിയ രീതിയിൽ ചെലവ് മൂന്നിലൊന്ന് മാത്രം.പാപ്പനംകോട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ശാസ്ത്രജ്ഞൻ പി.ശ്രീജിത് ശങ്കറിന്റെ നേതൃത്വത്തിലും മുൻഡയറക്ടർ ഡോ.എ.അജയഘോഷിന്റെ മേൽനോട്ടത്തിലും ശാസ്ത്രജ്ഞന്മാരായ ഡോ. യു.എസ്.ഹരീഷ്,ഡോ.രാജീവ്,കെ.സുകുമാരൻ,ഡോ.പി.സുജാതാദേവി,ഡോ.എസ്.സാവിത്രി എന്നിവരാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →