ശിരോവസ്ത്രം ശരിയായി ധരിച്ചില്ല എന്ന കാരണത്താല്‍ കസ്റ്റഡിയിലിരിക്കെ 22 വയസുള്ള മഹ്സ അമിനി മരണപ്പെട്ടത്തോടെയാണ് ഇറാന്റെ സദാചാര പൊലീസ് ആയ മതകാര്യപൊലീസ് ലോക ശ്രദ്ധയില്‍ വരുന്നത്. കുര്‍ദ് യുവതിയായ അമിനിയുടെ മരണം ഇറാനിലെ 80 നഗരങ്ങളെ പ്രതിഷേധ വേദിയാക്കി മാറ്റിയതിന് ലോകം സാക്ഷിയായി. കുര്‍ദുകളില്‍ ഭൂരിപക്ഷവും സുന്നിവിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളാണ്. ഇറാനിലെ ഭൂരിപക്ഷം കുര്‍ദുകളും ജീവിക്കുന്ന കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ സാക്വസ് നഗരത്തിലാണ് അമിനയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്നത്. ഇറാനിലെ ആചാരപ്രകാരം 40ാം ചരമദിനം പ്രധാനമാണ്. അമിനിയുടെ 40ാം ചരമദിനത്തില്‍ അവളുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി ആയിരങ്ങള്‍ ഒത്തുകൂടി.
ഇതോടെയാണ് തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ ഇറാന്‍ കാണാന്‍ തുടങ്ങിയത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം സ്ഥാപിതമായ ഷിയ മതപുരോഹിതര്‍ നിയന്ത്രിക്കുന്ന ഇറാന്‍ ഭരണകൂടത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ച പ്രതിഷേധമായി അത് മാറി. പ്രതിഷേധത്തിന് നേരെയുള്ള ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.സാക്വസ് നഗരത്തില്‍ ആയിരകണക്കിന് യുവതികള്‍ പ്രതിഷേധസൂചകമായി അവരുടെ ശിരോവസ്ത്രം പരസ്യമായി വലിച്ചെറിയുകയും കത്തിക്കുകയും ചെയ്തു. ഇറാന്റെ മതനിയമങ്ങളെ പരസ്യമായി വെല്ലുവിളിച്ച ആദ്യ നഗരമായി സാക്വസ് മാറി. പ്രതിഷേധങ്ങള്‍ വ്യാപിക്കുകയും നിയന്ത്രണാതീതമാവുകയും ചെയ്തപ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്നതിലേക്ക് ഇറാന്‍ അധികൃതര്‍ തിരിഞ്ഞു. എന്നാല്‍ അടിച്ചമര്‍ത്തലില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിലേക്കാണ് നയിച്ചത്.അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രതിഷേധത്തില്‍ ഇതുവരെ 300 പേര്‍ കൊല്ലപ്പെടുകയും 14,000ത്തോളം പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട് എന്നാണ്.
പ്രതിഷേധത്തെ തണുപ്പിക്കാന്‍ പല തന്ത്രങ്ങളും ഇറാന്‍ സര്‍ക്കാര്‍ പുറത്തെടുത്തെങ്കിലും അതൊന്നും വിജയം കാണാതെ പോകുകയായിരുന്നു. ദേശീയ തലത്തില്‍ കലാകായിക രംഗത്തെ പല പ്രമുഖ വ്യക്തിത്വങ്ങളും പ്രതിഷേധത്തില്‍ പങ്ക് ചേരുന്ന കാഴ്ചയാണ് ഉണ്ടായത്. ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്ന വാട്ടര്‍പോളോ താരങ്ങള്‍ ഇറാന്റെ ദേശീയ ഗാനം പാടാന്‍ വിസമ്മതിച്ചു. ചൈന്നയിന്‍ ഫുട്ബോള്‍ ക്ലബ് താരം വഫ ഹഖമനേഷി ബംഗാളിനെതിരെ ഗോളടിച്ചതിന് ശേഷം മഹ്സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഒടുവില്‍ ഡിസംബര്‍ നാലിന് ഇറാന്റെ മതകാര്യപൊലീസിനെ ഭരണകൂടം പിരിച്ച് വിട്ടു.
മതകാര്യപൊലീസ് എന്തിന് ?
ഗഷ്ദ്-ഇ-ഇര്‍ഷദ് / ഗൈഡന്‍സ് പെട്രോള്‍ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന മതകാര്യപൊലീസ് സംവിധാനം 1983ലാണ് ഇറാനില്‍ വരുന്നത്.മഹ്മൂദ് അഹമ്മദിനെജാദ് ആയിരുന്നു അന്ന് പ്രസിഡന്റ്. നിര്‍ബന്ധിത ഹിജാബ് നിയമം നിലവില്‍ വന്നതോടെ ഡ്രസ് കോഡ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനങ്ങളിലൊന്നായാണ് മതകാര്യപൊലീസ് അറിയപ്പെട്ടത്. പൗരന്മാരെല്ലാം ഇറാന്റെ ഡ്രസ് കോഡ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് മതകാര്യപൊലീസിന്റെ പ്രധാന ജോലി. സ്ത്രീകള്‍ തല മറക്കുന്ന ഹിജാബ് ധരിക്കണമെന്നതാണ് ഡ്രസ് കോഡിലെ ഏറ്റവും മുന്‍പന്തിയിലുള്ള നിയമം. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും നിയമത്തിലുണ്ട്.’സാമൂഹ്യ മര്യാദകളും ഹിജാബുമായി ബന്ധപ്പെട്ട ഇറാനിയന്‍ സംസ്‌കാരത്തെ കുറിച്ചുള്ള അവബോധവും വളര്‍ത്തുക’ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ 2006ലാണ് സദാചാര പൊലീസ് രാജ്യത്തുടനീളം പട്രോളിങ് ആരംഭിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും മതകാര്യപൊലീസിലുണ്ട്. ഇവര്‍ വെളുത്ത വാനുകളിലാണ് സഞ്ചരിക്കാറുള്ളത്. ചെറുപ്പക്കാര്‍ കൂട്ടംകൂടുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലാണ് ഇവര്‍ പ്രധാനമായും പട്രോളിങ് നടത്തുക.ഈ ഡ്രസ് കോഡ് ലംഘിക്കുന്നവരായി മതകാര്യ പൊലീസ് കണ്ടെത്തുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്ത് ‘പുനര്‍-വിദ്യാഭ്യാസ’ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ക്കനുസരിച്ച് ഈ പൊലീസ് സംവിധാനത്തിന്റെ കാര്‍ക്കശ്യത്തിലും പ്രാധാന്യത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി. ഹിജാബ് ധരിക്കുന്നതിലെ കര്‍ശന ചിട്ടവട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് സ്ത്രീകള്‍ക്കെതിരെ വ്യാപകമായ അക്രമം അഴിച്ചുവിടുന്ന സംഭവങ്ങള്‍ സമീപകാലത്ത് അരങ്ങേറാനും തുടങ്ങി. ഇതിന്റെ ഏറ്റവും ഒടുവിലെ ഇരയായിരുന്നു മഹ്‌സ അമിനി.
പാശ്ചാത്യ രാജ്യങ്ങളും സയണിസ്റ്റുകളും പിന്തുണച്ചു
ഇറാനില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പാശ്ചാത്യ രാജ്യങ്ങളും സയണിസ്റ്റുകളുമാണെന്നാണ് പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ആരോപണം. എന്നാല്‍ ഇറാനിലെ ജൂതന്‍മാരെയോ, അല്ലെങ്കില്‍ മറ്റൊരു ന്യൂനപക്ഷമായ സുന്നി മുസ്ലീങ്ങളായ കുര്‍ദുകളേയോ അദ്ദേഹം പ്രകടമായി പ്രതി സ്ഥാനത്ത് നിര്‍ത്തുന്നില്ല.കുര്‍ദുകള്‍ക്ക് അമേരിക്കയില്‍ നിന്ന് സൈനിക സഹായം ലഭിക്കുന്നു എന്നുള്ളത് ഇറാനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പല നഗരങ്ങളിലും പ്രതിഷേധം ഉണ്ടായിട്ടുണ്ടെങ്കിലും സുരക്ഷ സേനകള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ഇഫ്ഷാഹന്‍, സഹേദാന്‍, സാക്വസ് എന്നീ നഗരങ്ങളിലാണ്. ഏറ്റവും കൂടുതല്‍ പ്രതിഷേധക്കാര്‍ മരണപ്പെട്ടതും ഈ നഗരങ്ങളിലാണ്.ഇറാന്‍ സര്‍ക്കാര്‍ വിവേചനപരമായ രീതിയിലാണ് പെരുമാറുന്നതെന്നും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനായി കൂട്ടക്കൊലയടക്കമുള്ള അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. സുന്നി മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇറാനിലെ ചുരുക്കം ചില നഗരങ്ങളില്‍ ഒന്നാണ് ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ സഹേദാന്‍. ബലപ്രയോഗത്തിലൂടെ സുന്നി വിഭാഗത്തിലുള്ള സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നു എന്ന ആരോപണം ഇറാന്‍ സര്‍ക്കാറിനെതിരെ ഉന്നയിക്കപ്പെടുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള സുരക്ഷ സേനയുടെ നടപടിയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ നഗരത്തില്‍ നിന്നാണ്.
പിരിച്ച് വിടല്‍ ഉത്തരവും നിലിവിലെ അവസ്ഥയും
മതകാര്യപൊലീസ് സംവിധാനം നിര്‍ത്തലാക്കിയതായി അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മോണ്ടസേരി അറിയിച്ചതായി ഇറാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ആണ് റിപ്പോര്‍ട്ട് ചെയ്തത്. ‘മതകാര്യപൊലീസിന് ജുഡീഷ്യറിയുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ ആ സംവിധാനത്തെ നിര്‍ത്തലാക്കുകയാണ്. ഈ സംവിധാനം എവിടെ നിന്നാണോ തുടങ്ങിയത് അവിടെ വെച്ച് തന്നെ ഇത് അവസാനിപ്പിച്ചിരിക്കുകയാണ്,’ എന്നായിരുന്നു മുഹമ്മദ് ജാഫര്‍ മോണ്ടസേരിയുടെ വാക്കുകള്‍.മതകാര്യപൊലീസിന്റെ വെള്ളനിറത്തിലുള്ള പൊലീസ് വാഹനങ്ങള്‍ ഇപ്പൊള്‍ നിരത്തുകളിലല്ല എന്നാണ് അറ്റോര്‍ണി ജനറല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇറാന്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഈ സംവിധാനത്തെ പിന്‍വലിച്ചു എന്ന് പറയുന്ന പ്രസ്താവനകളോ രേഖാമൂലമുള്ള അറിയിപ്പുകളോ വന്നിട്ടില്ല.മതകാര്യപൊലീസ് പോലുള്ള സംവിധാനങ്ങള്‍ നിര്‍ത്തലാക്കുമെന്നതിന്റെ സൂചനകള്‍ പൊലീസ് വൃത്തങ്ങളില്‍ നിന്ന് പുറത്തുവന്നിരുന്നെങ്കിലും അതിനൊപ്പം തന്നെ സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റ് മാര്‍ഗങ്ങളെ കുറിച്ചും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സര്‍വൈലന്‍സ് ക്യാമറ സംവിധാനങ്ങളും ഉപയോഗിച്ച് ഡ്രസ് കോഡ് ലംഘിക്കുന്നവരെ കണ്ടെത്താനും നിലവിലെ രീതിയില്‍ തന്നെ ശിക്ഷ നടപ്പാക്കാനും ആലോചിക്കുന്നതായിട്ടായിരുന്നു ഈ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.മതകാര്യപൊലീസ് സംവിധാനം നിര്‍ത്തലാക്കിയാലും നിര്‍ബന്ധിത ഹിജാബില്‍ നിന്നും ഇറാന്‍ സര്‍ക്കാര്‍ പിന്നോട്ടുപോകാന്‍ സാധ്യതയില്ലെന്ന കാഴ്ചപ്പാടുകളും സാമൂഹ്യ നിരീക്ഷകര്‍ പങ്കുവെക്കുന്നുണ്ട്.