കോഴിക്കോട്: കോഴിക്കോട് കിഡ്സൺ കോർണറിൽ നിന്ന് ഒഴിപ്പിക്കുന്ന വ്യാപാരികളെ വട്ടം കറക്കി കോർപറേഷൻ. തൊട്ടടുത്ത് തിരക്കേറിയ റോഡിന്റെ വശത്ത് കടമുറി നിർമിക്കാൻ അനുമതി കൊടുത്ത കോർപറേഷൻ ഇപ്പോഴത് പൊളിക്കാൻ നിർദേശിച്ചിരിക്കുകയാണ്. ലക്ഷങ്ങൾ രൂപ ചെലവിട്ട് കെട്ടിടം പൂർത്തിയാക്കിയപ്പോഴാണ് കടകൾ ഗതാഗത തടസമുണ്ടാക്കുമെന്ന ബോധം കോർപറേഷന് വന്നത്.
ഏറ്റവും തിരക്കേറിയ മാനാഞ്ചിറ മൈതാനത്തിനും മിഠായിത്തെരുവിലും ഇടയിൽ കാൽനടപോലും എളുപ്പമല്ലാത്ത റോഡിന്റെ വശത്താണ് ഈ നിർമാണം.കോർപറേഷന്റെ അനുമതിയോടെ അവരുടെ കൺമുന്നിലാണ് ഈ പണി നടന്നത്. കോർപറേഷൻ കൊടുത്ത കത്തിന്റെ അടിസ്ഥാനത്തിൽ കടമുറിക്ക് കെ.എസ്.ഇ ബി വൈദ്യുതി കണക്ഷനും കൊടുത്തു.കടകൾ ഗതാഗതക്കുരുക്കുണ്ടാക്കുമെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചപ്പോഴാണ് കോർപറേഷന് തിരിച്ചറിവ് വന്നത്.
11 വ്യാപാരികളിൽ നാലുപേരാണ് ഇവിടെ കട നിർമിച്ചത്. സുരക്ഷിതത്വം ഉറപ്പാക്കാനാണ് കോൺക്രീറ്റ് കെട്ടിടം നിർമിച്ചതെന്നാണ് വ്യാപാരികൾ പറയുന്നു. തിരക്കേറിയ പ്രദേശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഏകസ്ഥലവും ഇതായിരുന്നു.

