ബെയ്ജിങ്: ഷീ ജിന്‍ പിങ് അധികാരത്തിലേറിയ ശേഷം എറ്റവും വലിയ പ്രതിഷേധങ്ങള്‍ക്കാണ് ചൈന ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഒപ്പം ജിന്‍ പിങിന്റെ പ്രതിഛായ ഇടിയുകയും ചെയ്തു. ഇതോടെ ജിന്‍ പിങിന്റെ ഭരണത്തിന്റെ അന്ത്യമാവുകയാണോ എന്ന അഭ്യൂഹങ്ങളും ശക്തമാണ്.പ്രസിഡന്റ് ഷി ജിന്‍ പിങ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ചൈനയിലെ പ്രതിഷേധങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് ലണ്ടന്‍, പാരിസ്, ടോക്കിയോ തുടങ്ങിയ വിദേശ നഗരങ്ങളിലും പ്രകടനങ്ങള്‍ അരങ്ങേറി.പല പ്രതിഷേധവും അക്രമാസക്തമാണ്. 22 നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ നിയമം ലംഘിച്ച് തെരുവിലിറങ്ങി. 27 ഇടത്ത് വന്‍ പ്രതിഷേധ റാലി നടന്നു. പ്രതിഷേധം ശമിപ്പിക്കുന്നതിനായി എല്ലാവര്‍ക്കും നാലാം ഡോസ് വാക്‌സീന്‍ നല്‍കി നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാന്‍ നീക്കമുണ്ടെന്നാണ് ഒടുവിലെ വിവരം. സീറോ കോവിഡ് നയം മൂലം ഉറുംഖിയിലുള്ള അപ്പാര്‍ട്ട്മെന്റിനു തീപിടിച്ച് പത്തു പേര്‍ മരിച്ചെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാരിനെതിരായ പ്രതിഷേധവും ശക്തി പ്രാപിച്ചു. ഷി ജിന്‍പിങ് രാജിവെക്കണമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരമൊഴിയണമെന്നും മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം.
എന്താണ് സീറോ കൊവിഡ് പദ്ധതി?
കൊവിഡ് 19ന്റെ വ്യാപനം പൂര്‍ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് സര്‍ക്കാര്‍ ”സീറോ കൊവിഡ്’ നയം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ബീജിംഗ്, ഷാംഗ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ പോലും കര്‍ശനമായ ലോക്ക്ഡൗണുകളും വ്യാപകമായ ക്വാറന്റൈനുകളും ഏര്‍പ്പെടുത്തുകയുണ്ടായി. നഗരങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കി വീണ്ടും പഴയ സ്ഥിതിയില്‍ സാമ്പത്തിക മേഖലയെ സജീവമാക്കുന്നതിനായാണ് ഇത്തരമൊരു നടപടിക്രമം കൈക്കൊണ്ടത്. വാസ്തവത്തില്‍, ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുകയാണ് ചെയ്തത്. മാത്രമല്ല, 2022ലും 23ലും ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി, ലോക ബേങ്ക് അടക്കം സകല സാമ്പത്തിക സ്ഥാപനങ്ങളും നിരീക്ഷകരും വിലയിരുത്തുന്നുണ്ട്. ലോക ബേങ്കിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം കിഴക്കന്‍ ഏഷ്യ- പസഫിക് മേഖലയിലെ ആകെ ജി ഡി പിയുടെ വളര്‍ച്ച മുരടിക്കാനുള്ള കാരണങ്ങളിലൊന്നായും സീറോ-കൊവിഡ് പദ്ധതി മാറി.
സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് പൊലീസ്
ചൈനീസ് സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെയും പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ രാജി ആവശ്യപ്പെട്ടും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ വ്യാപിക്കുന്നതു തടയാന്‍ ബെയ്ജിങ്ങിലും ഷാങ്ഹായിയിലും പൊലീസ് സര്‍വസന്നാഹങ്ങളും ഉപയോഗിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇളവു നല്‍കില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ തുടങ്ങിയ സമരം വളരെപ്പെട്ടെന്നാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലടക്കം വ്യാപിച്ചത്. ഷാങ്ഹായിലും ഹാങ്ഷൂവിലുമടക്കം പ്രക്ഷോഭകാരികള്‍ അറസ്റ്റിലായിട്ടുണ്ട്. ബെയ്ജിങ്ങിലും ഷാങ്ഹായിയിലും പൊലീസ് പട്രോളിങ് ശക്തമാക്കിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. പ്രക്ഷോഭകാരികള്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി ആശയവിനിമയം നടത്തി ഒത്തുകൂടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണിത്. റോഡിലിറങ്ങുന്ന ആളുകളുടെ ഫോണ്‍ പൊലീസ് വാങ്ങി പരിശോധിക്കുന്നതായി ചില പ്രദേശവാസികളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണില്‍ ടെലഗ്രാം ആപ് ഉണ്ടോ എന്നും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍) കണക്ട് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കാനാണിത്. ചൈന ഇതു നിരോധിച്ചിട്ടുണ്ട്.
പ്രസിഡന്റ് ഷി അധികാരത്തിലെത്തിയതിനു ശേഷം ചൈനയില്‍ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോഴത്തേത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പിന്നാലെ, ചൈനീസ് സമ്പദ് വ്യവസ്ഥ കുത്തനെയുള്ള ഇടിവാണ് നേരിടുന്നത്.
നാന്‍ജിങ്, സിംഗ്വാ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിപ്രതിഷേധം ശക്തമായതോടെ, ജനുവരിയില്‍ തുടങ്ങേണ്ട അവധിക്കാലം നേരത്തേയാക്കി വിദ്യാര്‍ഥികള്‍ക്കു വീട്ടില്‍ പോകാന്‍ അനുമതി നല്‍കി. ലോക്ഡൗണ്‍ നിയന്ത്രണത്തിനിടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ ഫ്‌ലാറ്റിലുണ്ടായ അഗ്‌നിബാധയില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി ബെയ്ജിങ്ങിലെ ലിയാങ്മാഹേ നദിക്കരയില്‍ ഒത്തുകൂടിയ നൂറുകണക്കിന് ആളുകള്‍ മെഴുകുതിരി കൊളുത്തി പ്രകടനം നടത്തി. കോവിഡ് ലോക്ഡൗണ്‍ മൂലം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടെന്നും അതാണ് മരണസംഖ്യ കൂടാന്‍ കാരണമായതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതിനെ തുടര്‍ന്ന് ഒട്ടേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സീറോ-കൊവിഡ് നയം പരാജയമെന്ന് റിപ്പോര്‍ട്ട്
സീറോ-കൊവിഡ് നയം പരാജയമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ പ്രദേശങ്ങളില്‍ രോഗം സ്ഥിരീകരിച്ചതോടെയാണിത്. ടിബറ്റിന്റെയും ഹൈനാന്റെയും ടൂറിസം കേന്ദ്രങ്ങളിലാണ് രോഗം പടരുന്നത്. നിയന്ത്രണങ്ങളും പെട്ടെന്നുള്ള ലോക്ക്ഡൗണും മൂലം പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് ചൈനയില്‍ കുടുങ്ങിക്കിടക്കുന്നത്.രോഗബാധിത പ്രദേശങ്ങള്‍ ഹോട്ട്സ്പോട്ടുകളായി തുടരുമ്പോഴും, ചൈനയില്‍ കോവിഡ് പുതിയ പ്രദേശങ്ങളിലേക്ക് പടരുകയാണ്. നിയന്ത്രണങ്ങളുണ്ടായിട്ടും സീറോ-കോവിഡ് നയം പ്രയോജനം ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. നയം ജനങ്ങളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുത്തിയെന്നും, മാനസിക പീഡനത്തിന് ഇടയാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ ദിവസം ടിബറ്റില്‍ 28 പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തി. കൂടാതെ മറ്റ് പ്രദേശങ്ങളിലും രോഗം പടര്‍ന്നതോടെ ആളുകള്‍ ഷാങ്ഹായ് ശൈലിയിലുള്ള ദീര്‍ഘകാല ലോക്ക്ഡൗണുകളെ കുറിച്ച് ആശങ്കാകുലരാണ്. കോവിഡ് കേന്ദ്രത്തില്‍ ക്വാറന്റൈനിലുള്ളവര്‍ക്ക് ഭക്ഷണവും മരുന്നും പോലും ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയുടെ സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും
ചൈനീസ് പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് വെല്ലുവിളികളും അതുപോലെ അവസരങ്ങളും നല്‍കുന്നുണ്ട്. യു എസ് കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും അധികം വ്യാപാര ബന്ധം പുലര്‍ത്തുന്നത് ചൈനയോടാണ്. 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പരിശോധിക്കുമ്പോള്‍ 67.08 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നിട്ടുള്ളത്. 2013-14 വര്‍ഷങ്ങളിലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയില്‍ ചൈനയുടെ പങ്ക് 10.7 ശതമാനമായിരുന്നു. എന്നാല്‍, 2020-21ല്‍ ഇത് 16.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇറക്കുമതിയില്‍ ഉള്ളതുപോലെ തന്നെ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയുടെ പങ്കും ഇതേ കാലയളവില്‍ 6.4 ശതമാനത്തില്‍ നിന്ന് 7.2 ശതമാനം ഉയര്‍ന്നതായും കാണാം. ഇന്ത്യയില്‍ നിന്ന് കയറ്റുമതിയും ഇന്ത്യയിലേക്ക് ഇറക്കുമതിയും ചെയ്യുന്ന വസ്തുക്കളെ പരിശോധിച്ചു കൊണ്ട് നമുക്ക് നിലവിലെ വിപണി സാധ്യതയും പ്രതിസന്ധിയും നിര്‍ണയിക്കാവുന്നതാണ്. രാസവസ്തുക്കള്‍, ധാതു ഇന്ധനങ്ങള്‍ തുടങ്ങിയവയാണ് ചൈനയിലേക്കുള്ള പ്രധാന കയറ്റുമതി. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, മെഷിനറികള്‍, ഊര്‍ജ വസ്തുക്കള്‍ തുടങ്ങിയവയാണ് ഇറക്കുമതി വസ്തുക്കള്‍. അപ്പോള്‍ ചൈനയിലെ പ്രതിസന്ധി ഇന്ത്യയുടെ ഇലക്ട്രോണിക് /ഊര്‍ജ മേഖലകളെ സാരമായ രീതിയില്‍ തന്നെ ബാധിച്ചേക്കും. എന്നാല്‍ ഇറക്കുമതി കുറയുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പ്രയോഗവത്കരിക്കേണ്ടത് അത്യാവശ്യമാണ്. തുടര്‍ന്ന് രാഷ്ട്രം സ്വയംപ്രാപ്തരാകാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.