കൊച്ചി: സിനിമക്ക് ‘ഹിഗ്വിറ്റ’ എന്ന് പേരിടുന്നതിനെ ഫിലിം ചേമ്പർ വിലക്കിയിരുന്നു. എൻ എസ് മാധവന്റെ പരാതിയെ തുടർന്നായിരുന്നു ഫിലിം ചേമ്പറിന്റെ വിലക്ക്. എന്നാൽ പേര് വിവാദത്തിൽ ഫിലിം ചേമ്പർ ചർച്ചയ്ക്ക് വിളിച്ചെന്നും വിഷയത്തിൽ വിശദീകരണം നൽകുമെന്നും ‘ഹിഗ്വിറ്റ’ ചിത്രത്തിന്റെ അണിയറക്കാർ പ്രതികരിച്ചു.
അതേസമയം, വിവാദത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് ‘ഹിഗ്വിറ്റ’ സിനിമയുടെ അണിയറ പ്രവർത്തകർ. അഭിഭാഷകരെ കണ്ട് വിഷയത്തിൽ നിയമപദേശം തേടി. സിനിമയ്ക്ക് ഹിഗ്വിറ്റ പേര് വിലക്കിയ ഫിലിം ചേമ്പർ എൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങിക്കാൻ നിർദേശം നൽകിയതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ നിയമനടപടിക്ക് ഒരുങ്ങുന്നത്. മൂന്ന് വർഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാൽ വീണ്ടും രജിസ്റ്റർ ചെയ്തു. ഇക്കാര്യങ്ങൾ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. തീരുമാനമായില്ലെങ്കിൽ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഹ്വിഗിറ്റ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ഹേമന്ത് ജി.നായർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കിയതിന് പിന്നാലെയാണ് എൻ എസ് മാധവൻ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്നാണ് എൻ എസ് മാധവൻ ട്വിറ്ററിൽ കുറിച്ചത്.
അതേസമയം, ഹ്വിഗിറ്റ എന്ന സിനിമയക്ക് എൻഎസ് മാധവൻറെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്ന് ഹ്വിഗിറ്റ ചിത്രത്തിൻറെ സംവിധായകൻ ഹേമന്ത് ജി നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊളിറ്റിക്കൽ ത്രില്ലറായ സിനിമയുടെ കഥയിൽ പ്രതീകമെന്ന നിലയിലാണ് ഈ പേരിട്ടത്. താൻ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ് എൻഎസ് മാധവനെന്നും അദ്ദേഹത്തെ നേരിൽ കാണാൻ ശ്രമിക്കുമെന്നും ഹേമന്ത് പറഞ്ഞു. 2019 ൽ ചിത്രീകരണം തുടങ്ങിയ ചിത്രം ഈ മാസം അവസാനത്തോടെ റിലീസിന് തയ്യാറെടുക്കുകയാണ്.

