കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഗ്രാമവണ്ടിയുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പൊതുജനങ്ങള്‍ കൂടുതല്‍ യാത്ര ചെയ്ത് സ്ഥാപനത്തിനൊപ്പം നിൽക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ ധനസഹായത്തോടെ അവര്‍ ആവശ്യപ്പെടുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്താനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഗ്രാമവണ്ടി. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.
പഞ്ചായത്തില്‍ നിലവില്‍ 10 സര്‍വീസുകളാണ് ഗ്രാമവണ്ടിയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 6:10 നു പാറശ്ശാല ഡിപ്പോയില്‍ നിന്ന് ആദ്യ ട്രിപ്പ് ആരംഭിക്കും. അവസാന ട്രിപ്പ് വൈകീട്ട് 5:45 നു നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെട്ട് പാറശ്ശാല ഡിപ്പോയിലെത്തും. കാരക്കോണം, ആലുവിള, നാറാണി, പെരുംകടവിള, ആലത്തൂര്‍, തേരാണി, ആ നാവൂര്‍, മണവാരി, ചാമവിള, ധനുവച്ചപുരം, വെള്ളറട തുടങ്ങി യാത്രക്ലേശം അനുഭവിക്കുന്ന നിരവധി ഉള്‍പ്രദേശങ്ങളിലൂടെയാണ് ബസ് സര്‍വീസ് നടത്തുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായകമാകും വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
ഗ്രാമവണ്ടി പദ്ധതിക്ക് വാഹനം, ജീവനക്കാര്‍, അറ്റകുറ്റപ്പണി എന്നിവയുടെ ചെലവുകൾ കെ.എസ.ആര്‍.ടി.സി വഹിക്കും. ഇന്ധനച്ചെലവ് ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ കണ്ടെത്തണം ചെയ്യണം. സ്വകാര്യ വ്യക്തികള്‍ക്കും ഈ ചെലവ് ഏറ്റെടുക്കാം. കേരളത്തിലെ ഉള്‍നാടന്‍ മേഖലകളിലെ പൊതുഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ സഹായകരമായ ഗ്രാമവണ്ടി പദ്ധതി ഇതിനോടകം ദേശീയതലത്തിലടക്കം ശ്രദ്ധിക്കപ്പെട്ടു. പദ്ധതി വന്‍ വിജയമായതോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി.