ഗുജറാത്ത് കലാപം: പ്രതികളെ വിട്ടയച്ചതിനെതിരേ ബില്‍ക്കിസ് ബാനു സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: 2002-ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടം ചേര്‍ന്ന് പീഡിപ്പിക്കുകയും തന്റെ മൂന്നു വയസുള്ള കുട്ടി ഉള്‍പ്പെടെ 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച നടപടിക്കെതിരേ ബില്‍ക്കിസ് ബാനു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീം കോടതിയില്‍ നിരവധി ഹര്‍ജികള്‍ പരിഗണനയിലുണ്ട്. ഇതിനിടെയാണ് ബില്‍ക്കിസ് ബാനു നേരിട്ട് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും പ്രതികളെ വിട്ടയയ്ക്കുന്ന കാര്യത്തില്‍ ഗുജറാത്തല്ല, മഹാരാഷ്ട്രയാണ് തീരുമാനമെടുക്കേണ്ടതെന്ന് ബില്‍ക്കിസ് ബാനു ഹര്‍ജിയില്‍ പറയുന്നു.

ഓഗസ്റ്റ് 15 നാണ് പ്രതികളെ വിട്ടയച്ചത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഈ നടപടി രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ വീരന്മാരെപ്പോലെ മാല അണിയിച്ച് സ്വീകരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം കനത്തു. മുംബൈയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് പ്രതികളെ ശിക്ഷിച്ചത്. 15 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയം പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് പഞ്ചമഹല്‍സ് കലക്ടര്‍ സുജാല്‍ മായാത്രയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →