അടിമാലി: റിസര്‍വ് വനത്തില്‍ നിന്ന് വന്‍മരങ്ങള്‍ വെട്ടിക്കടത്തിയ സംഭവത്തില്‍ കണ്ണിയെന്നാരോപിച്ചു വനപാലകര്‍ അറസ്റ്റ് ചെയ്തു മുമ്പു ജയിലിലടച്ച ഓട്ടോ ഡ്രൈവറായ വയോധികന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനായിരുന്ന വാളറ സ്വദേശി ക്ലീറ്റസ് മാത്യു(59) ആണ് വിഷംകഴിച്ചു ഗുരുതരാവസ്ഥയിലായത്.
തന്റെ ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ വിട്ടുതരണമെന്നാവശ്യപ്പെട്ട് അദ്ദേഹം 30/11/2022 വാളറ ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിയിരുന്നു. കേസിലെ പ്രതികള്‍ മരത്തിന്റെ കരി കയറ്റിയെന്ന് ആരോപിച്ച് ക്ലീറ്റസിന്റെ ഓട്ടോറിക്ഷ വനപാലകര്‍ പിടിച്ചെടുത്തിരുന്നു.
ഇതു വിട്ടുതരണമെന്നാവശ്യപ്പെട്ട് ഡി.എഫ്.ഒയെ കണ്ടതായും ക്ലീറ്റസ് ഉദ്യോഗസ്ഥരെ അറിയിച്ചു. വാഹനം വിട്ടുതന്നില്ലെങ്കില്‍ മകനോടൊപ്പം ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിനെ വിളിച്ചുവരുത്തി. തുടര്‍ന്നു പോലീസ് ക്ലീറ്റസിനെയും മകനെയും തിരിച്ചയച്ചു.
വൈകുന്നേരത്തോടെ ക്ലീറ്റസ് വിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ക്ലീറ്റസിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. രാത്രി വൈകി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.നഴ്‌സിങ് പഠനം നടത്തുകയാണ് ക്ലീറ്റസിന്റെ മകള്‍. മകളുടെ പഠനത്തിന് അടക്കമുള്ള ചെലവിനു പണം കണ്ടെത്താന്‍ ഓട്ടോറിക്ഷ തിരികെത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ വനപാലകര്‍ അപമാനിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി അദ്ദേഹം ബന്ധുക്കളെ അറിയിച്ചിരുന്നു. തുടര്‍ന്നാണു വിഷം കഴിച്ചത്.
നേര്യമംഗലം റെയ്ഞ്ചിനു കീഴിലെ കുളമാംകുഴി ആദിവാസി കോളനിയോടു ചേര്‍ന്നുള്ള വനഭൂമിയില്‍ കയറി 20 ലേറെ വന്‍ മരങ്ങള്‍ വെട്ടിക്കടത്തിെയന്നാണ് കേസ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന മൂന്നു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. ആറാംമൈല്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണു കോളനി. ഇവിടത്തെ വനപാലകരുടെ ഒത്താശയോടെ പുറത്തുനിന്നുള്ളവര്‍ ആദിവാസികളെ മുമ്പില്‍ നിര്‍ത്തിയാണ് വനംകൊള്ള നടത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. കുളമാംകുഴിയില്‍നിന്നു വെട്ടിയ മരങ്ങള്‍ ദേവിയാര്‍ പുഴ കടത്തി വാഹനത്തില്‍ കയറ്റുകയായിരുന്നു.
കേസില്‍ ആദ്യം അറസ്റ്റ് ചെയ്ത മൂവര്‍ സംഘത്തെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതിലും വനപാലകര്‍ക്കെതിരേ ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീടാണ് ക്ലീറ്റസ് ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിനുശേഷമാണ് വാഹനം പിടിച്ചതെന്നു നേര്യമംഗലം റെയ്ഞ്ച് ഓഫീസര്‍ എസ്.എന്‍. സുനില്‍ലാല്‍ പറഞ്ഞു.

