വീട്ടമ്മയെ പീഡിപ്പിച്ച യുവാവിന് ഏഴുവര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത യുവാവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഏഴുവര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പോത്തുകല്ല് കുറുമ്പലങ്ങോട് കാരക്കാമുള്ളില്‍ വിനുവിനെയാണ് (35) ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്.

2016 ജൂണ്‍ 15നു രാത്രിയാണ് കേസിനാസ്പദമായ സംഭവം. രണ്ടു മക്കളുടെ മാതാവും വിധവയുമായ വീട്ടമ്മയെ വീട്ടില്‍ ആരുമില്ലാത്ത സമയം അതിക്രമിച്ചുകയറി ബലാല്‍സംഗം ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 326 വകുപ്പ് പ്രകാരം ബലാത്സംഗത്തിന് ഏഴുവര്‍ഷം കഠിനതടവ്, 20000 രൂപ പിഴ, പിഴയടയ്ക്കാത്തപക്ഷം മൂന്നുമാസത്തെ അധികതടവ്, 457 വകുപ്പ് പ്രകാരം രാത്രിവീട്ടില്‍ അതിക്രമിച്ചുകയറിയതിന് ഒരു വര്‍ഷം കഠിനതടവ്, 5000 രൂപ പിഴ, പിഴയടയ്ക്കാത്തപക്ഷം ഒരു മാസത്തെ അധികതടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. വാസും 11 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.

11 രേഖകളും ഹാജരാക്കി. സബിത ഓളക്കല്‍ ആയിരുന്നു പ്രോസിക്യൂഷന്‍ ലെയ്‌സണ്‍ ഓഫീസര്‍. എടക്കര പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.സി. സേതു അന്വേഷണവും അബ്ദുല്‍ ബഷീര്‍ കുറ്റപത്ര സമര്‍പ്പണവും നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →