മുംബൈ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ മഹാരാഷ്ട്രയും സൗരാഷ്ട്രയും ഏറ്റുമുട്ടും. സെമി ഫൈനലില്‍ അസമിന്റെ വെല്ലുവിളി 12 റണ്ണിനു മഹാരാഷ്ട്ര മറികടന്നപ്പോള്‍ സൗരാഷ്ട്ര അഞ്ചു വിക്കറ്റിന് കര്‍ണാടകയെ കീഴ്‌പ്പെടുത്തി ഫൈനലിനു യോഗ്യരായി. നാളെയാണു ഫൈനല്‍.
തകര്‍പ്പന്‍ ഫോം തുടരുന്ന ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ അസമിനെതിരേ മഹാരാഷ്ട്ര ഏഴു വിക്കറ്റിന് 350 റണ്ണടിച്ചു.ഗെയ്ക്ക്‌വാദ് 126 പന്തില്‍ 168 റണ്‍ നേടി. 89 പന്തില്‍ 110 റണ്ണുമായി അങ്കിത് ബാവ്‌നെയും മികച്ച പ്രകടനം കാഴ്ചവച്ചു. മറുപടി പറഞ്ഞ അസമിന്റെ പോരാട്ടം ലക്ഷ്യത്തിന് 12 റണ്ണകലെ അവസാനിച്ചു. സ്വരൂപം പുര്‍ക്കയാസ്ത(95), ശിവ്ശങ്കര്‍ റോയ് (78), റിഷവ് ദാസ് (53) എന്നിവര്‍ പൊരുതി.
മറ്റൊരു സെമിയില്‍ കരുത്തരായ കര്‍ണാടകയെ 49.1 ഓവറില്‍ സൗരാഷ്ട്ര 171 റണ്ണില്‍ ഓള്‍ ഔട്ടാക്കി. ഓപ്പണര്‍ രവികുമാര്‍ സമര്‍ഥ് 88 റണ്ണടിച്ച് കര്‍ണാടകയുടെ ടോപ്‌സ്‌കോററായി. നാലു വിക്കറ്റെടുത്ത ജയ്‌ദേവ് ഉനാദ്കട്ടും രണ്ടു വിക്കറ്റെടുത്ത പ്രേരക് മങ്കാദും കര്‍ണാടകയുടെ നട്ടെല്ലൊടിച്ചു.
172 റണ്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റേന്തിയ സൗരാഷ്ട്രയുടെ രണ്ട് ഓപ്പണര്‍മാരും സ്‌കോര്‍ബോര്‍ഡില്‍ റണ്‍ പിറക്കുംമുമ്പേ കൂടാരം കയറി. എന്നാല്‍ മൂന്നാമനായെത്തിയ ജയ് ഗോഹില്‍ (61), സമര്‍ഥ് വ്യാസ് (33), പരേഖ് മങ്കാദ് (35), അര്‍പ്പിത് വാസവദ (25 നോട്ടൗട്ട്), ചിരാഗ് ജാനി (13 നോട്ടൗട്ട്) എന്നിവരുടെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 82 പന്ത് ബാക്കിനില്‍ക്കെ സൗരാഷ്ട്ര ലക്ഷ്യത്തിലെത്തി.