ഭര്‍ത്താവിനെ കൊന്നു കഷണങ്ങളാക്കിയ ഭാര്യയും മകനയും പിടിയില്‍

ന്യൂഡല്‍ഹി: ശ്രദ്ധ വോള്‍ക്കര്‍ വധക്കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ഡല്‍ഹിയില്‍ നിന്ന് മറ്റൊരു സമാന കൊലപാതകംകൂടി. ഭര്‍ത്താവിനെ കൊന്നു കഷണങ്ങളാക്കിയ കേസില്‍ ഭാര്യയെയും മകനെയും ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശ്രദ്ധയെ കാമുകന്‍ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കിയത് പോലെയാണ് ഈ കേസെന്നും പോലീസ് പറയുന്നു. പാണ്ഡവ് നഗറിലെ അഞ്ജന്‍ ദാസാണു കൊല്ലപ്പെട്ടത്. ഭാര്യ പൂനവും അവരുടെ ആദ്യ വിവാഹത്തിലെ മകന്‍ ദീപക്കും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.കഴിഞ്ഞ ജൂണില്‍ പാണ്ഡവ് നഗറിലാണ് ദാസിന്റെ മൃതദേഹ ഭാഗങ്ങള്‍ ആദ്യം കണ്ടെത്തിയത്. മൃതദേഹം അഴുകിയതിനാല്‍ ആദ്യഘട്ടത്തില്‍ തിരിച്ചറിയാനായില്ല. ശ്രദ്ധയുടെ കൊലപാതകം വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് ആ വഴിക്ക് അന്വേഷണം തുടങ്ങിയത്. കേസില്‍ പുനവും മകനും കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു.

ദാസിന് ആദ്യ വിവാഹത്തില്‍ എട്ട് മക്കളുണ്ട്. ആദ്യഭാര്യയും മക്കളും ബിഹാറിലാണു താമസം. പുനത്തിന്റെ ആഭരണങ്ങള്‍ ആദ്യ ഭാര്യക്കു നല്‍കിയെന്ന സംശയമാണു കൊലപാതകത്തില്‍ കലാശിച്ചത്. പുനത്തിന്റെ ആദ്യഭര്‍ത്താവ് 2017 ലാണു ക്യാന്‍സര്‍ വന്നു മരിച്ചത്. തുടര്‍ന്നാണു ദാസിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. തര്‍ക്കത്തെ തുടര്‍ന്നാണു പുനം ആദ്യവിവാഹത്തിലെ മകനെ വിളിച്ചുവരുത്തിയത്. മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം ഇരുവരും ചേര്‍ന്നു ദാസിനെ കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹം പത്ത് കഷണങ്ങളായി മുറിച്ചു ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പിന്നീട്, ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതുവരെ ആറു കഷണങ്ങള്‍ കണ്ടെടുത്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങളില്‍നിന്നാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ പ്രദേശത്ത് അമ്മയും മകനും പല രാത്രികളില്‍ വന്നുപോയെന്നു സി.സി.ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇരുവരെയും നിരീക്ഷത്തിലാക്കിയ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകവിവരം പുറത്തായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →