തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങളാണ് ഇപ്പോള്‍ സമരത്തിന്റെ പേരില്‍ നടക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്. സമരം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും സി.പി.എം. സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍ അത്യന്തം ഗൗരവമുള്ളതും അപലപനീയവുമാണ്. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യം വച്ച് അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്. പോലീസ് സ്‌റ്റേഷന്‍ തന്നെ തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. നിയമം കൈയിലെടുക്കാനും കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിക്കണം. ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാട്ടണമെന്നും സി.പി.എം. ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തിന് പ്രധാനമായ പദ്ധതികള്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണ്. കൂടംകുളം പദ്ധതി, നാഷണല്‍ ഹൈവേയുടെ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയവയിലെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നെങ്കിലും ശക്തമായ നടപടികളിലൂടെ അത് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിെഞ്ഞന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി മേഖലയില്‍ നേരത്തേ ഉയര്‍ന്നുവന്ന ആശങ്കകളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുകയും സാധ്യമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളതുമാണ്. ഇപ്പോള്‍ സമരരംഗത്തുള്ള ചെറുവിഭാഗവുമായി ചര്‍ച്ച നടത്താനും പ്രശ്‌നം പരിഹരിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചില സ്ഥാപിത താല്‍പര്യങ്ങളാണ് ഇതിന് തടസമായി നിന്നതെന്നും സി.പി.എം. കുറ്റപ്പെടുത്തി.
കടലോര മേഖലയിലെ വികസന പ്രവര്‍ത്തനത്തിന്റെ ഫലമായി സര്‍ക്കാര്‍ നേടിയ അംഗീകാരം തകര്‍ക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകളും ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഈ യാഥാര്‍ഥ്യം ജനങ്ങളില്‍ എത്തിക്കാനും വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനും ശക്തമായ കാമ്പയിന്‍ നടത്തണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.

