തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ അടക്കമുള്ളവർക്കെതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരേ ലത്തീൻ അതിരൂപത. ആർച്ച് ബിഷപ്പും സഹായ മെത്രാനും ശനിയാഴ്ച സംഭവ സ്ഥലത്ത് പോലുമുണ്ടായിരുന്നില്ലെന്ന് അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു. സമരസ്ഥലത്ത് പദ്ധതിയെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ തങ്ങളെയും വൈദികരെയും തടയുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. മാത്രമല്ല അധിക്ഷേപിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. വിഴിഞ്ഞം ഇടവക വികാരിക്ക് പിന്തിരിഞ്ഞ് പോകേണ്ടി വന്നു-ഫാ. യൂജിൻ പെരേര പറഞ്ഞു.
പിന്നീട് പൂന്തുറ വികാരി വന്ന സമയത്ത് പോലീസ് ഇടപെട്ടാണ് ഇവരെ അകത്തേക്ക് കടത്തി വിട്ടത്. ഒരുമണിവരെ ഞങ്ങൾക്കെതിരെ വലിയ അധിക്ഷേപമാണ് ഉണ്ടായത്. അപ്പോൾ ഇതിനൊക്കെ ഗൂഢാലോചന നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഞങ്ങൾക്കെതിരെ കേസുചുമത്തി നിർവീര്യമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാലുമാസമായി ഒളിഞ്ഞും തെളിഞ്ഞും പലരീതിയിലും തങ്ങൾക്കെതിരെ നടത്തുന്ന ഇത്തരം നടപടികളോട് ശക്തമായി പ്രതികരിക്കും. മറ്റുള്ള വിഭാഗങ്ങളെ കൂടി തങ്ങൾക്കെതിരേ തിരിച്ചുവിടാനുള്ള ശ്രമമായിട്ടാണ് ഇതിനെ കാണുന്നത്. നീതിന്യായ വ്യവസ്ഥയുടെ മുന്നിൽ തങ്ങളുടെ ഭാഗം അവതരിപ്പിക്കും- ഫാ. യൂജിൻ പെരേര പറഞ്ഞു.
അവിടെയുണ്ടായ സംഘർഷം കൃത്രിമമായി സൃഷ്ടിച്ചതാണ്. തങ്ങൾ ആരും അക്രമത്തിന് പോയതല്ല. സംഘർഷമുണ്ടായാൽ ആസൂത്രിതമായി പ്രകോപനമുണ്ടാക്കിയവരാണ് ഒന്നാം പ്രതിയാകേണ്ടത്. നിലവിലെ കേസുകളെ നിയമത്തിന്റെ വഴിയെ നേരിടും. സംഘർഷ സ്ഥലത്തില്ലാതിരുന്ന ആർച്ച് ബിഷപ്പിനെ പ്രതി ചേർത്തതിനെ അംഗീകരിക്കില്ല. അത് വളരെ തെറ്റായ സമീപനമാണെന്നും യൂജിൻ പെരേര കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്ത് 2022 നവംബർ 26 ശനിയാഴ്ച നടന്ന സംഘർഷത്തിൽ ആകെ 10 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ തുറമുഖത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷത്തിൽ ഒമ്പത് കേസുകളാണ് ലത്തീൻ സഭയുടെ നേതൃത്വത്തിലുള്ള തുറമുഖ വിരുദ്ധ സമരക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.
കലാപ സമാനമായ സംഘർഷത്തിന് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ക്രിസ്തുരാജ് എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് എഫ്.ഐ.ആറിൽ പറയുന്നത്. ആർച്ച് ബിഷപ്പിനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയും കേസുണ്ട്. വൈദികരടക്കമുള്ളവർ കലാപാഹ്വാനം നടത്തി, ഇതര മതസ്ഥരുടെ വീടുകൾ ആക്രമിച്ചു തുടങ്ങിയ കാര്യങ്ങൾ എഫ്.ഐ.ആറിൽ പറയുന്നു. മാത്രമല്ല സംഘർഷത്തിനെ ആളുകളെത്തിയ മുപ്പതു വാഹനങ്ങളുടെ നമ്പരും എഫ്.ഐ.ആറിൽ പറയുന്നു.
തുറമുഖ സ്ഥലത്തിന് നാശനഷ്ടമുണ്ടാക്കിയ കേസിലും അതിക്രമം നടന്ന കേസിലുമാണ് ബിഷപ്പിനെ പ്രതിചേർത്തിരിക്കുന്നത്. കേസിൽ ആകെ അൻപതു വൈദികർ പ്രതികളായിട്ടുണ്ട്. ഒരു കേസിൽ വൈദികരടക്കം 95 പേരെയും പ്രതിചേർത്തിട്ടുണ്ട്. ബിഷപ്പിനെതിരെ മൂന്ന് കേസാണുള്ളത്. കലാപാഹ്വാനം നടത്തി, ആളുകളെ അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയവയാണ് കേസുകൾ. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് അതിസുരക്ഷാ മേഖലയിൽ കടന്നുകയറി നാശനഷ്ടമുണ്ടാക്കിയെന്നതാണ് സമരക്കാർക്കെതിരായ ഗുരുതരമായ വകുപ്പുകളിലൊന്ന്.

