തിരുവനന്തപുരം: പ്രവാസി വ്യവസായി കോഴിക്കോട് ഈസ്റ്റ് മലയമ്മയിലെ തത്തമ്മപറമ്പില്‍ ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശി ഡെന്‍സി ആന്റണി എന്നിവര്‍ അബുദബിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം തുടങ്ങി.ഹാരിസിന്റെ ഭാര്യയും ഭാര്യാപിതാവും ഉള്‍പ്പടെ 11 പേരെ പ്രതികളാക്കി സി.ബി.ഐ. പ്രഥമ വിവരപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. ഹാരിസിന്റെ മാതാവ് സാറാബിയും സഹോദരി ഹാരിഫയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്കു വിട്ടത്.
ഷൈബിന്‍ അഷ്‌റഫ്, കൊല്ലപ്പെട്ട ഹാരിസിന്റെ ഭാര്യയായിരുന്ന കുന്ദമംഗലം വിരുപ്പില്‍ വീട്ടില്‍ കെ.സി. നസ്‌ലീന, വിരുപ്പില്‍ വീട്ടില്‍ കെ.സി. റഷീദ്, തങ്ങളകത്ത് വീട്ടില്‍ നൗഷാദ്, കൈപ്പഞ്ചേരി വീട്ടില്‍ ഫാസില്‍, നിലമ്പൂര്‍ കുന്നേക്കാടന്‍ വീട്ടില്‍ ഷമീം, നിലമ്പൂര്‍ പോളക്കുളങ്ങര വീട്ടില്‍ ഷബീബ് റഹ്മാന്‍, കൂത്രാടന്‍ വീട്ടില്‍ മുഹമ്മദ് അജ്മല്‍, മലപ്പുറം വാണിയമ്പലം സ്വദേശി ഷഫീഖ് എന്ന ചീര ഷഫീഖ്, നിലമ്പൂര്‍ നടുതൊടിക വീട്ടില്‍ നിഷാദ്, വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി സുന്ദരന്‍ എന്ന സുന്ദരന്‍ സുകുമാരന്‍ തുടങ്ങി 11 പേര്‍ക്കെതിരേ സി.ബി.ഐ. ചീഫ് ജുഡീഷ്യല്‍ മജിസ്‌്രേടറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. ഷൈബിന്റെ നിര്‍ദേശപ്രകാരം കൂട്ടാളികള്‍ കൊലപാതകം നടത്തിയെന്നാണ് കണ്ടെത്തല്‍.
പ്രതികള്‍ക്ക് അബുദാബിയിലേക്കുള്ള ടിക്കറ്റും താമസസൗകര്യവും ഒരുക്കിയത് ഷൈബിനാണ്. കൊലപാതകം പ്രത്യേക ആപ്പ് വഴി ഷൈബിന്‍ നിരീക്ഷിച്ചതായാണു സൂചന. ഷൈബിന്റെ സഹായിയായ റിട്ട. എസ്.ഐ. സുന്ദരനാണ് കേസിലെ പതിനൊന്നാം പ്രതി.
നസ്‌ലീനയെ ഹാരിസ് വിവാഹം ചെയ്തശേഷം ഇരുവരും അബുദാബിയില്‍ താമസിച്ച് ബിസിനസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുകയായിരുന്നു. ഇതിനിടെ െഷെബിനുമായി സൗഹൃദത്തിലായി. ഹാരിസിന്റെ ഭാര്യയെ ഷൈബിന്‍ വശീകരിക്കുകയും അവിഹിത ബന്ധം സ്ഥാപിക്കുകയും ചെയ്തുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഇതോടെ നസ്‌ലീനയെ ഹാരിസ് മൊഴി ചൊല്ലി.
അതിനിടെ താന്‍ കഞ്ചാവ് കേസില്‍ കുടുങ്ങാന്‍ കാരണം ഹാരിസാണെന്നും ഷൈബിന്‍ തെറ്റിധരിച്ചു. ഇതേത്തുടര്‍ന്ന് 2018 മാര്‍ച്ച് ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്തുവച്ച് ഹാരിസിനെ കൊല്ലാനും ശ്രമിച്ചു. ഇതു പരാജയപ്പെട്ടതോടെ ഒന്നു മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ നിലമ്പൂരിലെ ഒന്നാം പ്രതിയുടെ വീട്ടില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തി. അതിനു ശേഷം നാലു മുതല്‍ ഒന്‍പത് വരെയുള്ള പ്രതികളെ വിദേശത്ത് അയച്ച് ഹാരിസിനേയും കൂടെയുണ്ടായിരുന്ന സ്ത്രീയേയും കൊന്ന് ആത്മഹത്യയാണെന്നു വരുത്തിയെന്നാണ് എഫ്.ഐ.ആര്‍ പറയുന്നത്.ഹാരിസിനെയും ജീവനക്കാരി ഡെന്‍സിയേയും അബുദബിയിലെ ഫïാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു. ബാത്ത്ടബില്‍ രക്തംവാര്‍ന്ന നിലയിലാണ് ഹാരിസിന്റെ മൃതദേഹം കണ്ടെത്തിയത്. ഡെന്‍സിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കിയെന്ന നിഗമനത്തില്‍ അബുദബി പോലീസ് അവസാനിപ്പിച്ച കേസാണ് പിന്നീട് കൊലപാതകമാണെന്നു തെളിഞ്ഞത്.
മൈസുരുവിലെ നാട്ടുവൈദ്യന്‍ ഷാബ ശരീഫിന്റെ കൊലപാതകക്കേസിലെ പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദ്, സെക്രട്ടേറിയറ്റിനു മുന്നില്‍ താനും സംഘവുമാണ് ഹാരിസിനെയും യുവതിയെയും കൊന്നതെന്നു വിളിച്ചുപറഞ്ഞിരുന്നു. ഹാരിസിന്റെ ബിസിനസ് പങ്കാളിയായിരുന്ന നിലമ്പൂര്‍ മുക്കട്ടയിലെ കൈപ്പഞ്ചേരി ഷൈബിന്‍ അഷറഫിന്റെ നിര്‍ദേശപ്രകാരമാണു കൊല നടത്തിയതെന്നായിരുന്നു ഏറ്റുപറച്ചില്‍.
നൗഷാദിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ഹാരിസിന്റെയും ഡെന്‍സി ആന്റണിയുടെയും മരണങ്ങള്‍ കൊലപാതകമാണെന്നു തെളിഞ്ഞത്. ഇരുവരുടേയും മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഹാരിസിനെ ഷൈബിന്റെ നേതൃത്വത്തില്‍ അബുദാബിയില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്.
2020 മാര്‍ച്ച് അഞ്ചിനാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ കുറുപ്പുംതൊടികയില്‍ തത്തമ്മപറമ്പില്‍ ഹാരിസ്, മാനേജര്‍ ചാലക്കുടി സ്വദേശി ഡാന്‍സി ആന്റണി എന്നിവരെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയെ കൊന്നശേഷം ഹാരിസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യചെയ്‌െതന്നാണ് അന്ന് ഷൈബിന്‍ പറഞ്ഞത്. ഷാബാ ഷെരീഫ് കൊലപാതകം തെളിഞ്ഞതോടെ മകന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കണമെന്നാവശ്യപ്പെട്ട് ഹാരിസിന്റെ ബന്ധുക്കള്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.