രാജ്കോട്ട്(ഗുജറാത്ത്): രാജ് സമാധിയാല ഗ്രാമത്തിലേക്ക് രാഷ്ട്രീയക്കാര്‍ വരേണ്ട! പക്ഷേ, ജനം കൃത്യമായി വോട്ടുചെയ്യും. സമ്മതിദാനാവകാശം വിനിയോഗിക്കാത്തവര്‍ 51 രൂപ പിഴയടയ്ക്കുകയും വേണം.ജില്ലാ ആസ്ഥാനത്തു നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് രാജ് സമാധിയാല ഗ്രാമം. ഗ്രാമവാസികള്‍ തന്നെ രൂപപ്പെടുത്തിയ ചട്ടങ്ങളാണ് രാഷ്ട്രീയക്കാരെ വിലക്കുന്നത്. 1983 മുതലാണ് രാഷ്ട്രീയക്കാര്‍ക്ക് നിരോധനം വന്നത്.
ഗ്രാമ വികസന സമിതി(വി.ഡി.സി)യാണ് ഇവിടെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. വോട്ടവകാശമുള്ള 1,700 പേരാണു ഗ്രാമത്തിലുള്ളത്. അവര്‍ തമ്മില്‍ മത്സരമുണ്ടാകാറില്ല. സര്‍പഞ്ചിനെപ്പോലും ഏകകണ്ഠമായാണ് തീരുമാനിക്കുന്നത്.എന്നാല്‍, പൊതുതെരഞ്ഞെടുപ്പുകളില്‍ ആര്‍ക്കു വോട്ട് ചെയ്യണമെന്നു വി.ഡി.സി. നിര്‍ദേശിക്കാറില്ല. തെരഞ്ഞെടുപ്പില്‍ മാത്രമല്ല, വ്യക്തികള്‍ പാലിക്കേണ്ട ചട്ടങ്ങളും വി.ഡി.സി. തീരുമാനിച്ചിട്ടുണ്ട്. ജാതി ചിന്തകളില്‍നിന്നും വിട്ടുനില്‍ക്കുക, വായു, ജലം, മണ്ണ് എന്നിവ മലിനമാക്കാതിരിക്കുക, മാതാപിതാക്കളെ പരിപാലിക്കുക, കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുക എന്നിവ നിയമങ്ങളില്‍ ഉള്‍പ്പെടുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും പുകയില ചവയ്ക്കുന്നതും മദ്യം കഴിക്കുന്നതും മരങ്ങള്‍ നശിപ്പിക്കുന്നതും പൊതുസ്ഥലത്ത് ആളുകളെ അധിക്ഷേപിക്കുന്നതും നിയമവിരുദ്ധമാണ്. ഇവ ലംഘിച്ചാല്‍ ജനകീയ കോടതിയുടെ ഇടപെടലുണ്ടാകും. ഗ്രാമത്തില്‍ വൈഫൈ, സി.സി.ടിവി ക്യാമറകള്‍, കുടിവെള്ളം എന്നിവയും വി.ഡി.സി. ഉറപ്പാക്കിയിട്ടുണ്ട്.നിയമങ്ങള്‍ ലംഘിച്ചാല്‍ തെരഞ്ഞെടുപ്പ് സാധ്യതയെ ബാധിക്കുമെന്ന ഭയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ വോട്ട്ചോദിച്ചു സ്ഥാനാര്‍ഥികളും പാര്‍ട്ടിക്കാരും ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കാറില്ല.

