ജീവനക്കാരെ കുറയ്ക്കാന്‍ ഗൂഗിളും

ന്യൂയോര്‍ക്ക്: ടെക് ലോകത്ത് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന വമ്പന്‍ കമ്പനികളുടെ പട്ടികയിലേക്ക് ഗൂഗിളും. മാതൃകമ്പനിയായ ആല്‍ഫബെറ്റ് ആകെ തൊഴില്‍സേനയില്‍ ആറു ശതമാനത്തോളം കുറവുവരുത്താന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതനുസരിച്ച് പതിനായിരത്തോളം പേരുടെ പണി തെറിച്ചേക്കുമെന്ന് അനുമാനം.
സാമൂഹിക മാധ്യമരംഗത്തെ മുന്‍നിരക്കാരായ ട്വിറ്റര്‍, മെറ്റ തുടങ്ങിയവയുടെ പാത പിന്തുടര്‍ന്നാണ് ഗൂഗിളും ആളെക്കുറയ്ക്കാന്‍ തയാറെടുക്കുന്നത്. ജോലിയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാത്തവരെ കണ്ടെത്തി പിരിച്ചുവിടാനാണ് ആല്‍ഫബെറ്റ് ആലോചിക്കുന്നത്. പ്രകടനം മെച്ചപ്പെടുത്തല്‍ പദ്ധതിക്ക് അനുസൃതമായുള്ള റാങ്കിങ്ങിലൂടെ ജീവനക്കാരെ വിലയിരുത്താന്‍ ടീം മാനേജര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത രണ്ടു മുതല്‍ മൂന്നാഴ്ചവരെയുള്ള കാലയളവ് ജീവനക്കാര്‍ക്കു നിര്‍ണായകമാണ്. ടീം മാനേജര്‍മാര്‍ നല്‍കുന്ന നിലവാരത്തിലേക്ക് ഉയരാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ പണിതെറിക്കല്‍ നിഴലിലാകും. പടിപടിയായിട്ടാകും പുറത്താക്കല്‍.
ആദ്യം ഇവരുടെ ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ടെക് ന്യൂസ് പോര്‍ട്ടലായ ദ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തവര്‍ഷം ആദ്യത്തോടെയാകും ജീവനക്കാരെ കുറയ്ക്കല്‍ നടപടിക്കു തുടക്കമിടുന്നതെന്നും പോര്‍ട്ടല്‍ പറയുന്നു. അതേസമയം, ലേ ഓഫ് നീക്കങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഗൂഗിള്‍ ഉന്നതര്‍ ഇതുവരെ തയാറായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →