സംരംഭക വര്‍ഷം: സംസ്ഥാനത്ത് 1.93 ലക്ഷം തൊഴില്‍ സൃഷ്ടിച്ചു:മന്ത്രി പി. രാജീവ്

കണ്ണൂര്‍: സംരംഭകവര്‍ഷത്തിന്റെ ഭാഗമായി ഏഴു മാസം 21 ദിവസംകൊണ്ട് സംസ്ഥാനത്ത് 1.93 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതായി വ്യവസായ-നിയമവകുപ്പ് മന്ത്രി പി. രാജീവ്. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകവര്‍ഷം ഒരു വര്‍ഷം ഒരു ലക്ഷം സംരംഭകര്‍ പദ്ധതിയുടെ ഭാഗമായി കല്യാശേരി മണ്ഡലത്തില്‍ സംഘടിപ്പിച്ച സംരംഭക മീറ്റ് കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ലക്ഷ്യമിട്ടതിനപ്പുറം ഒരു വര്‍ഷം കൊണ്ട് ഒന്നേകാല്‍ ലക്ഷം സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഇതു ജനുവരിയോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ഇതിനകം സംസ്ഥാനത്ത് 85,600 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇകള്‍) രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. 5400 കോടി രൂപയുടെ നിക്ഷേപം വന്നു. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ എം.എസ്.എം.ഇകളുടെ പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ സമ്പദ്ഘടന മുന്നോട്ടുപോകാന്‍ വ്യവസായരംഗത്ത് മുന്നേറ്റം വേണം. കേരളത്തില്‍ പുതിയ നിരവധി സംരംഭങ്ങള്‍ വളര്‍ന്നുവരികയാണ്. കേരളത്തിന്റെ വിഭവശേഷി സംരംഭകത്വത്തിലേക്ക് വികസിപ്പിക്കാന്‍ കഴിയണം. താലൂക്ക്തലത്തില്‍ സംരംഭകരുടെ വിപണനമേള നടത്തുമെന്നും ഓണ്‍ലൈന്‍ മാര്‍ക്കറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. എം. വിജിന്‍ എം.എല്‍.എ. അധ്യക്ഷനായി. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →