മലപ്പുറം: എടവണ്ണ ചെറുമണ്ണില്‍ അനധികൃത ഗ്യാസ് റീ ഫില്ലിംഗ് കേന്ദ്രത്തില്‍ റെയ്ഡ്. ഒരാള്‍ അറസ്റ്റില്‍. വീടിന് ചേര്‍ന്നുള്ള ഷെഡില്‍നിന്ന് 45 സിലിണ്ടറുകളും നാല് ഫില്ലിങ് മോട്ടറുകളും രണ്ട് ത്രാസും പിടിച്ചെടുത്തു. എടവണ്ണ ചെറുമണ്ണ് സ്വദേശി പാറക്കാടന്‍ ഷിജിലിന്റെ വീട്ടിലാണ് പരിശോധന നടന്നത്. ഷിജില്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. ഷിജിലിന്റെ ജോലിക്കാരനും ബന്ധുവുമായ എരഞ്ഞിക്കോട് കുരിശുംപടി കൊച്ചുപറമ്പില്‍ ഷഫീറിനെ(21) പോലീസ് അറസ്റ്റ് ചെയ്തു. ഷിജിലിനെതിരേ സമാന കുറ്റകൃത്യത്തിന് നേരത്തെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അപകടകരമായ രീതിയിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
വീട്ടാവശ്യത്തിന് സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന ഗ്യാസ് സിലിണ്ടറുകള്‍ അനധികൃതമായി ശേഖരിച്ച് അതില്‍ നിന്നു നാല് പ്രത്യേക മോട്ടോറുകളുടെ സഹായത്തോടെ മറ്റ് സിലിണ്ടറുകളിലേക്കു മാറ്റിനിറയ്ക്കുകയാണ് പതിവ്. ഇവ വാണിജ്യസ്ഥാപനങ്ങള്‍ക്ക് കൂടിയ വിലയ്ക്കു വില്‍ക്കും. പിടിച്ചെടുത്ത സിലിണ്ടറുകള്‍ രണ്ട് കമ്പനികളുടേതാണ്. സംഘത്തിന് ഇത്രയധികം സിലിണ്ടറുകള്‍ നല്‍കിയ ഗ്യാസ് ഏജന്‍സികള്‍ക്കെതിരേയും ഇവരില്‍നിന്നു ഗ്യാസ് വാങ്ങുന്നവര്‍ക്കെതിരേയും അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു.
നിലമ്പൂര്‍ ഡിവൈ.എസ്.പി: സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

