കൊറിയര്‍ വഴി ലഹരിമരുന്ന് കടത്ത്; ഒരാള്‍ പോലീസ് പിടിയില്‍

കോഴിക്കോട്: കൊറിയര്‍ വഴി ലഹരിമരുന്ന് കടത്തിയ ഒരാള്‍ പോലീസ് പിടിയില്‍. കോഴിക്കോട് കുണ്ടായിത്തോട്, നന്തുണി പാടത്ത് കുന്നത്ത് പറമ്പ് വീട്ടില്‍ സല്‍മാന്‍ ഫാരിസ് (25) നെയാണ് കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത്ബാബു, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്. എക്‌സൈസ് കമ്മീഷണറുടെ സ്‌റ്റേറ്റ് സ്‌ക്വാഡ് തലവന്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അനില്‍കുമാര്‍. ടി. നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

പ്രതിയില്‍ നിന്ന് 300 എല്‍എസ് ഡി സ്റ്റാമ്പ്, 10 ഗ്രാം എംഡിഎംഎ, കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് സഹിതം അരവിന്ദ് ഘോഷ് റോഡില്‍ കെ.കെ. ബില്‍ഡിങ്ങിന് സമീപത്തുവച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതി കൊറിയര്‍ മുഖേന വന്ന ലഹരി വസ്തുക്കള്‍ സ്വീകരിക്കാന്‍ വന്നപ്പോഴാണ് പിടിയിലായത്.
പ്രതിയില്‍നിന്ന് മറ്റു പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടും ഫോറന്‍സിക് പരിശോധന നടത്തിയും കൂടുതല്‍ അന്വേഷണം നടത്തിവരുന്നുണ്ട്. എല്‍സ് ഡി സ്റ്റാമ്പിന്റെ പാഴ്‌സല്‍ തമിഴ്‌നാട് സംസ്ഥാനത്തു നിന്നും വന്നതായാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. ഇതിന്റെ പുറകില്‍ വിദേശബന്ധം ഉണ്ടോ എന്ന് അന്വേഷിച്ച് വരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്ത് സമീപകാലത്ത് കണ്ടെടുത്ത ഏറ്റവും വലിയ എല്‍എസ് ഡി സ്റ്റാമ്പ് ലഹരിമരുന്ന് വേട്ടയാണിത്.

പ്രതിയില്‍ നിന്ന് കണ്ടെടുത്ത എംഡിഎംഎ ബാംഗ്ലൂരില്‍ നിന്നെത്തിച്ച് ചില്ലറ വില്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഉറവിടത്തെ പറ്റിയും അന്വേഷണം നടത്തിവരുന്നു. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയ റിമാന്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →