പെരിയ കേസിലെ ഒന്നാംപ്രതിക്ക് ആയുര്‍വേദ സുഖചികിത്സ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിക്ക് കണ്ണൂരില്‍ ആയുര്‍വേദ സുഖചികിത്സ. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും ഒന്നാംപ്രതിയുമായ എ. പീതാംബരനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ചികിത്സയൊരുക്കിയത്. കോടതിയുടെയോ കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെയോ അനുമതിയില്ലാതെയാണ് ചികിത്സ. ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചാണിതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കൊച്ചിയിലെ സി.ബി.ഐ. കോടതി ഉത്തരവിട്ടു. ജയില്‍ സൂപ്രണ്ട് നാളെ ഹാജരാകാനാണ് നിര്‍ദേശം. നിലവില്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് പീതാംബരന്‍. ശക്തമായ പുറംവേദനയുണ്ടെന്ന് ആദ്യം പറഞ്ഞത് തടവുകാരെ പരിശോധിക്കുന്ന ഡോക്ടര്‍ അമര്‍നാഥനോടാണ്. വിദഗ്ധചികിത്സ വേണമെന്ന് ഡോക്ടറും നിര്‍ദേശിച്ചതോടെ തങ്ങള്‍ക്കു മുന്നില്‍ മറ്റ് വഴിയില്ലായിരുന്നെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഉടന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിലേക്കു മാറ്റുകയായിരുന്നു. ഇത് ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നെന്ന് വിചാരണ കോടതിയെ അറിയിച്ചു.

സി.പി.എം. പ്രവര്‍ത്തകരായിരുന്ന പ്രതികള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്തു കൊടുക്കുന്നെന്ന ആക്ഷേപം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. പ്രതികളുടെ ഭാര്യമാര്‍ക്കു ജോലി നല്‍കിയതും വിവാദമായിരുന്നു. പെരിയയില്‍ 2019 ഫെബ്രുവരി 17ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ ആദ്യം തന്നെ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് പീതാംബരന്‍. 14 പേരാണ് പ്രതിപ്പട്ടികയില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →