തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും പാര്‍ട്ടി നേതാക്കളുടെ ക്ഷേമം മറക്കാതെ സര്‍ക്കാര്‍! മുതിര്‍ന്ന സി.പി.എം. നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജനുവേണ്ടി 35 ലക്ഷം രൂപയുടെ പുതിയ കാര്‍ വാങ്ങാനുള്ള ഉത്തരവ് വിവാദമായി. ജയരാജന്റെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണു തീരുമാനമെന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത്, പുതിയ വാഹനങ്ങള്‍ വാങ്ങുന്നതു വിലക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. അത് മറികടന്നാണു ഖാദി ബോര്‍ഡിനായി പുതിയ വാഹനം വാങ്ങാന്‍ വ്യവസായവകുപ്പ് ഉത്തരവിറക്കിയത്. നാല് മന്ത്രിമാര്‍ക്കു പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങാനും സര്‍ക്കാര്‍ കോടികള്‍ പൊടിച്ചിരുന്നു.
ജയരാജനായി വാങ്ങുന്നതു വെടിയേല്‍ക്കാത്ത (ബുള്ളറ്റ് പ്രൂഫ്) വാഹനമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഗണിച്ചാകാം തീരുമാനമെന്നു സാമൂഹികമാധ്യമങ്ങളില്‍ പരിഹാസമുയര്‍ന്നു. മന്ത്രിസഭയുടെ അനുമതിയോടെയാണു പുതിയ കാര്‍ വാങ്ങുന്നത്. നിലവില്‍ ഉപയോഗിക്കുന്ന വാഹനത്തിനു കാലപ്പഴക്കം മൂലം നിരവധി അറ്റകുറ്റപ്പണി വേണ്ടിവന്നെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.