കോഴിക്കോട്: അടുത്തവര്‍ഷം മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനത്തുക വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്നു പൊതുവിദ്യാഭ്യാസ തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2023 ജനുവരി മൂന്നു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ കോഴിക്കോട്ടുകാര്‍ ഏറ്റെടുത്തുകഴിഞ്ഞു. കലോത്സവം കുറ്റമറ്റ രീതിയില്‍ ജനാധിപത്യപരമായി സംഘടിപ്പിക്കും. നേരത്തെ തീരുമാനിച്ച മുറയ്ക്കു തന്നെ എല്ലാ വേദിയിലും മത്സരങ്ങള്‍ കൃത്യസമയത്ത് ആരംഭിക്കും. മുന്‍ധാരണകള്‍ ഇല്ലാതെ യുവജനോത്സവം നടത്താന്‍ എല്ലാവരുടെയും പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാരമേളയായാണ് കേരള സ്‌കൂള്‍ കലോത്സവം അറിയപ്പെടുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നുമായി ഏകദേശം 14000 വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്നു. ഒരു കുട്ടിക്ക് മൂന്നു വ്യക്തിഗത ഇനങ്ങളിലും രണ്ടു ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം. ഈ വര്‍ഷവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് 117.5 പവനില്‍ രൂപകല്‍പന ചെയ്ത സ്വര്‍ണ്ണകപ്പ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
പുതിയ കാലഘട്ടത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വിജയകരമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കലാപ്രതിഭകള്‍ക്ക് മറക്കാനാവാത്ത കൂടിച്ചേരലുകളായി ഇത്തരം കലോത്സവങ്ങള്‍ മാറണം. കോവിഡ് കാലത്തിന്റെ ഇടവേളയ്ക്കു ശേഷമുള്ള ആഘോഷം എന്ന നിലയില്‍ അതീവ പ്രാധാന്യത്തോടെയാണ് ജനങ്ങള്‍ ഇത്തരം കലോത്സവങ്ങള്‍ ഏറ്റെടുക്കുന്നത്. കലാപ്രവര്‍ത്തനങ്ങളെ ഒരു ഉത്സവം പോലെ കൊണ്ടുനടക്കുന്ന കോഴിക്കോടിന്റെ നാട്ടിലേക്ക് കലോത്സവം വന്നതില്‍ സന്തോഷം ഉണ്ട്. വിവിധ രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കലാകാരന്മാരെ സംസ്ഥാന കലോത്സവത്തിലേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന കലോത്സവത്തെ പ്രൗഢഗംഭീരമായി ആകര്‍ഷകമായ രീതിയില്‍ നടത്താന്‍ കോഴിക്കോടിന് കഴിയുമെന്ന് വിശിഷ്ടാതിഥി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കോവിഡിന്റെ അസ്വസ്ഥതകളെ പൂര്‍ണമായും മാറ്റിനിര്‍ത്തി ഏറെ പുതുമകളോടെ ഈ കലോത്സവം നടത്താന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു. മേയര്‍ ഡോ. ബീന ഫിലിപ്പ്, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എ.മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, ഇ.കെ. വിജയന്‍, കെ.പി. കുഞ്ഞമ്മദ്കുട്ടി, കെ.കെ. രമ, ലിന്റോ ജോസഫ്, കെ.എം. സച്ചിന്‍ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബര്‍, വിവിധ രാഷ്ട്രീയ, വ്യാപാരി-വ്യവസായ, അധ്യാപക സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.