ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ശ്രദ്ധ വാക്കര്‍ (27) കൊലക്കേസില്‍ വനത്തില്‍ നടത്തിയ തെരച്ചിലില്‍ തലയോട്ടിയുടെ ഭാഗങ്ങളും എല്ലുകളും കണ്ടെത്തി. ശരീരഭാഗങ്ങള്‍ കൊല്ലപ്പെട്ട ശ്രദ്ധയുടേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ ഡി.എന്‍.എ. പരിശോധന.
ശ്രദ്ധയെ കൊന്ന് കഷണങ്ങളാക്കി വനമേഖലയില്‍ ഉപേക്ഷിച്ച പങ്കാളി അഫ്താബ് അമീന്‍ പൂനാവാലയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍.ശരീരഭാഗങ്ങള്‍ മെഹ്റൗളി വനത്തില്‍ പലയിടത്തായി വലിച്ചെറിഞ്ഞെന്നായിരുന്നു മൊഴി. തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലീസ് സംഘം മൂന്നു ദിവസങ്ങളിലായി മേഖലയില്‍ തെരച്ചില്‍ നടത്തി ശരീരഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു. ഇന്നലെ തലയോട്ടിയുടെയും താടിയെല്ലിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തി. ഇതു ശ്രദ്ധയുടെ പിതാവിന്റെ ഡി.എന്‍.എ. സാമ്പിളുമായി സാമ്യമുണ്ടോയെന്നു പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.അഫ്താബിന്റെ കുറ്റസമ്മതമൊഴിപ്രകാരം കൊലപാതകം നടന്ന ഫ്ളാറ്റില്‍ ഉള്‍പ്പെടെ പോലീസ് പരിശോധന നടത്തി ശ്രദ്ധ ഉപയോഗിച്ചിരുന്ന ഷൂ, വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വീണ്ടെടുത്തു. ശ്രദ്ധയുടെ തല കണ്ടെത്താനായി മെഹ്റൗളി മേഖലയിലെ കുളത്തിലും 20/11/2022 തെരച്ചില്‍ നടത്തി.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തൊഴിലാളികളുടെ സഹായത്തോടെ കുളം വറ്റിച്ച് പരിശോധന നടത്താനായിരുന്നു ശ്രമം.മറ്റന്നാള്‍ അഫ്താബിന്റെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. എന്നാല്‍, ആറുമാസം മുമ്പു നടന്ന കൃത്യത്തിലെ സുപ്രധാന തെളിവുകള്‍ ലഭിക്കാത്തത് വെല്ലുവിളിയാണ്. ഏതാനും ശരീരഭാഗങ്ങള്‍ക്കു പുറമേ ശ്രദ്ധയുടെ ശരീരം കഷണങ്ങളാക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന മൂര്‍ച്ചയേറിയ ആയുധങ്ങളും കറുത്ത വലിയ പോളിത്തീന്‍ ബാഗുകളും പോലീസ് കണ്ടെടുത്തിരുന്നു.കുടുംബത്തിന്റെ എതിര്‍പ്പു വകവയ്ക്കാതെ അഫ്താബിനൊപ്പം വീടുവിട്ടിറങ്ങിയ യുവതിയാണു ആറുമാസം മുമ്പ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും ഡല്‍ഹിയിലെത്തി നാലാംദിവസം വാക്കുതര്‍ക്കത്തിനിടെ ശ്രദ്ധയെ അഫ്താബ് കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. 35 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച മൃതദേഹം 18 ദിവസങ്ങളെടുത്ത് മെഹ്റൗളി വനമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു.