മുന്‍ കാമുകിയെ കൊന്ന് കഷണമാക്കി കിണറ്റില്‍ തള്ളിയ യുവാവ് അറസ്റ്റില്‍

അസംഗഡ്: ഡല്‍ഹിയിലെ ശ്രദ്ധ വാക്കര്‍ കൊലപാതകത്തിനു സമാന സംഭവം ഉത്തര്‍പ്രദേശിലും. മുന്‍ കാമുകിയെ കൊന്ന് ആറു കഷണമാക്കി കിണറ്റില്‍ തള്ളിയ യുവാവ് അറസ്റ്റില്‍. തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത് ഏറ്റുമുട്ടലിനൊടുവില്‍.

നവംബർ 15 ന് അസംഗഡിലെ പശ്ചിമി ഗ്രാമത്തിലെ ഒരു കിണറ്റില്‍ നാട്ടുകാര്‍ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ആരാധനയെന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കേസ് അന്വേഷണത്തില്‍ യുവതിയുടെ മുന്‍കാമുകന്‍ പ്രിന്‍സ് യാദവാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു ഇരുവരും. എന്നാല്‍, ഈവര്‍ഷം ആദ്യം ആരാധന മറ്റൊരാളെ വിവാഹം കഴിച്ച് അസംഗഡിലേക്കു താമസംമാറി. തന്നെ ചതിച്ച ആരാധനയോടുള്ള പക മനസില്‍ സൂക്ഷിച്ച പ്രിന്‍സ് അവരെ വകവരുത്താന്‍ തീരുമാനിച്ചു. ഇതിന് പ്രിന്‍സിന്റെ മാതാപിതാക്കളും ഉറ്റബന്ധു സര്‍വേഷും ഒത്താശചെയ്തു. ഇതനുസരിച്ച് ക്ഷേത്രദര്‍ശനത്തിനെന്നു തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ ഒന്‍പതിന് പ്രിന്‍സ് തന്റെ െബെക്കില്‍ ആരാധനയെ കൂട്ടിക്കൊണ്ടുവന്നു. അവിടെവച്ച് സര്‍വേഷിന്റെ സഹായത്തോടെ സമീപത്തെ കരിമ്പിന്‍പാടത്തെത്തിച്ച് കഴുത്തുഞെരിച്ചു കൊന്നു. അതിനുശേഷം മൃതദേഹം ആറു കഷണങ്ങളാക്കി പോളത്തീന്‍ കവറിലാക്കി കിണറ്റില്‍ തള്ളി. തല സമീപത്തെ കുളത്തിലും എറിഞ്ഞു.

അന്വേഷണത്തിനൊടുവില്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പ്രതിയെ പോലീസ് പിടികൂടി ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. കുറ്റസമ്മതം നടത്തിയെങ്കിലും തെളിവെടുപ്പിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത് ഏറ്റുമുട്ടലില്‍ കലാശിച്ചു. സംഭവസ്ഥലത്ത് ഒളിപ്പിച്ചിരുന്ന പിസ്റ്റളെടുത്ത് പോലീസിനുനേരേ നിറയൊഴിച്ച് രക്ഷപ്പെടാന്‍ പ്രിന്‍സ് ശ്രമിച്ചു.പ്രതിരോധിച്ച പോലീസ് പ്രിന്‍സിന്റെ കാലില്‍ വെടിയുതിര്‍ത്ത് കീഴ്പ്പെടുത്തുകയായിരുന്നു. ആരാധനയുടെ മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച ആയുധം, പിസ്റ്റള്‍, വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തു. സംഭവത്തില്‍ പ്രിന്‍സിനൊപ്പം മാതാപിതാക്കളടക്കം ആറുപേര്‍ പോലീസ് കസ്്റ്റഡിയിലുണ്ട്.

Share
അഭിപ്രായം എഴുതാം