മൂലമറ്റം: ജനറേറ്ററുമായി ബന്ധപ്പെട്ട അറ്റകുറ്റ പണികള്‍ക്കായി ഇടുക്കി വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം എട്ട് മണിക്കൂര്‍ നിര്‍ത്തിവച്ചു. ജനറേറ്ററുകളുടെ സുരക്ഷക്കായുള്ള പ്രൊട്ടക്ഷന്‍ ഡി.സി. സ്ഥാപിക്കുന്നതിനായിട്ടാണു മൂലമറ്റത്തുള്ള വൈദ്യുതി നിലയത്തില്‍നിന്നുള്ള ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിയത്. പവര്‍ ഹൗസിലെ എല്ലാ ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയാല്‍ മാത്രമെ പ്രൊട്ടക്ഷന്‍ ഡി.സി സ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ.
നിലവിലുള്ള പ്രൊട്ടക്ഷന്‍ ഡി.സിക്ക് തകരാര്‍ സംഭവിച്ചാല്‍ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ മറ്റൊന്നു സ്ഥാപിച്ചത്. 2021 ഡിസംബറില്‍ പ്രൊട്ടക്ഷന്‍ ഡി.സിക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന്് ആറ് ജനറേറ്ററുകളുടേയും പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടതായി വന്നിരുന്നു. ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായാണു പുതിയത് കൂടി സ്ഥാപിച്ചത്.
20/11/2022 രാവിലെ ആറിനു തുടങ്ങിയ ജോലികള്‍ വൈകിട്ട് നാലോടെ അവസാനിച്ചു. അവധി ദിനമായതിനാല്‍ വൈദ്യുതി ഉപഭോഗം കുറവായിരുന്നതിനാലും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കിയിരുന്നതിനാലും സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിന് കാര്യമായ തടസമുണ്ടായില്ല.