ഡിജിറ്റല്‍ ഡേറ്റ സംരക്ഷണം ബില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ്-ഐ.ടി. മന്ത്രാലയം പുറത്തിറക്കി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഡേറ്റ സംരക്ഷണം സംബന്ധിച്ച പുതുക്കിയ ബില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ്-ഐ.ടി. മന്ത്രാലയം പുറത്തിറക്കി. ഇതേ വിഷയത്തില്‍ മുമ്പ് അവതരിപ്പിക്കപ്പെട്ട ബില്‍ പൊതുസമൂഹത്തിന്റെയും ടെക്‌നോളജി കമ്പനികളുടെയും എതിര്‍പ്പിനേത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ”ഡിജിറ്റല്‍ പഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2022” എന്ന പേരിലാണു പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുന്നത്. ഇതുപ്രകാരം ഡേറ്റാ സംഭരണം, വ്യക്തിവിവരങ്ങളുടെ ശേഖരണം-പ്രോസസിങ് എന്നീ കാര്യങ്ങളില്‍ നിയന്ത്രണം വരും. അതിര്‍ത്തികടന്നുള്ള ഡേറ്റാ വിതരണത്തില്‍ ഇളവുകളുണ്ടാകും. വ്യവസ്ഥകള്‍ ലംഘിക്കുന്ന ബിസിനസ് സംരംഭങ്ങളില്‍നിന്നു കനത്തപിഴ ഈടാക്കും. കരട് ബില്‍ സംബന്ധിച്ച് ഡിസംബര്‍ 17 വരെ പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. അടുത്തവര്‍ഷം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അന്തിമ ബില്‍ അവതരിപ്പിക്കുമെന്നാണു സൂചന.

ഡേറ്റാ സംഭരണം രാജ്യാതിര്‍ത്തിക്കുള്ളില്‍ പരിമിതപ്പെടുത്തിക്കൊണ്ടുള്ള വ്യവസ്ഥയില്‍ വന്‍ഇളവുകളാണു പുതിയ ബില്ലിലുള്ളത്. പൗരന്‍മാരെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാവുന്ന മേഖലകള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. ഡേറ്റാ സുരക്ഷ, ഇന്ത്യക്കാരുടെ വിവരങ്ങള്‍ അവിടെനിന്ന് സര്‍ക്കാരിനു ലഭിക്കാനുള്ള സാധ്യത എന്നിവ കണക്കിലെടുത്താകും മേഖലകള്‍ നിര്‍ണയിക്കുക. ഭൂവിഭാഗങ്ങളുടെ വിശ്വാസ്യതയാകും ഇതില്‍ പ്രധാനം. മുമ്പ് അവതരിപ്പിക്കപ്പെട്ട ബില്ലിലെ ഡേറ്റാ പ്രാദേശികവല്‍ക്കരണം സംബന്ധിച്ച വ്യവസ്ഥകളോടു ടെക്‌നോളജി കമ്പനികളില്‍നിന്നു വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. ഇന്ത്യയിലെ സേവനത്തെ ഈ വ്യവസ്ഥകള്‍ ബാധിക്കുമെന്നു ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഡേറ്റാ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുകയോ അങ്ങനെ സംഭവിച്ചാല്‍ ഉപയോക്താക്കളെ അറിയിക്കാതിരിക്കുകയോ ചെയ്താല്‍ കടുത്തപിഴ പുതിയ ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നു. വ്യക്തിവിവരങ്ങള്‍ക്കു സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കമ്പനികളില്‍നിന്ന് 250 കോടി രൂപവരെ പിഴയീടാക്കും. ഡേറ്റാ ചോര്‍ച്ച സംബന്ധിച്ച് ഉപയോക്താക്കളെ അറിയിച്ചില്ലെങ്കില്‍ പിഴ 200 കോടി രൂപവരെയാകും. കുട്ടികളുടെ സ്വകാര്യതാലംഘനമുണ്ടായാലും സമാനമായ പിഴ ഈടാക്കും.

രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, ക്രമസമാധാനപാലനം, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദം എന്നിവ കണക്കിലെടുത്തു മാത്രമേ ഡേറ്റാ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ ഇളവനുവദിക്കൂ. ഉപയോക്താക്കളുടെ എണ്ണം, കൈകാര്യം ചെയ്യുന്ന വ്യക്തിവിവരങ്ങളുടെ അളവ് എന്നിവയുടെ അടിസ്ഥാനത്തില്‍ ബിസിനസ് സംരംഭങ്ങള്‍ക്കു വ്യവസ്ഥകളില്‍ ഇളവുണ്ടാകും. പഴയ ബില്ലിനെക്കുറിച്ചു സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ ഉന്നയിച്ച പരാതികള്‍ കണക്കിലെടുത്താണിത്. ഡേറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് രൂപീകരിക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. ബോര്‍ഡിന്റെ ഘടന സംബന്ധിച്ച് കരട് ബില്ലില്‍ വിശദാംശങ്ങളില്ലെങ്കിലും ഡിജിറ്റല്‍ രൂപഘടനയാകുമെന്നാണു സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →