കൊച്ചി: 447 കോടിയുടെ ലിസ് നിക്ഷേപത്തട്ടിപ്പു കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ പുനരാരംഭിക്കുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് പത്ത് വര്‍ഷത്തിന് ശേഷം വിചാരണ പുനരാരംഭിക്കുന്നത്. പത്തുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണു ഹൈക്കോടതി ഉത്തരവ്. ലിസ് നിക്ഷേപത്തട്ടിപ്പുകേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് മാനേജിങ് ട്രസ്റ്റി പാലക്കല്‍ വീട്ടില്‍ കുര്യാച്ചന്‍ ചാക്കോ അടക്കം ഒന്‍പത് പ്രതികളാണ് 10 വര്‍ഷം മുന്‍പ് ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി നര്‍കോട്ടിക് സെല്‍ അസി.കമ്മിഷണറായിരുന്ന പി എം ജോസഫ് സാജു സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ജോസഫ് സാജുവിന് അന്വേഷണം നടത്താന്‍ അധികാരമില്ലെന്നായിരുന്നു പ്രതികളുടെ വാദം. ഈ വാദം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളി. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി കേസിന്റെ വിചാരണ 10 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കി. ഇടപാടുകാരില്‍നിന്ന് 447 കോടി രൂപ പിരിച്ച കേസില്‍ 9 പ്രതികള്‍ക്കെതിരെ 2012 ല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നിക്ഷേപിക്കുന്ന തുക കാലക്രമേണ ഇരട്ടിക്കുമെന്നു ഇടപാടുകാരെ വിശ്വസിപ്പിച്ച് മണി ചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ്

