സി.പി.എം പൊന്നാനി ഏരിയ സമ്മേളനത്തിലെ വിഭാഗീയത 16 പേര്‍ക്കെതിരേ നടപടിക്ക് സാധ്യത

പൊന്നാനി: സി.പി.എം പൊന്നാനി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി സി.പി.എമ്മില്‍ കൂട്ട നടപടി വരുന്നു. ജില്ലാ കമ്മറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 19 ന് സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ പങ്കെടുക്കുന്ന അടിയന്തര ഏരിയാ കമ്മറ്റി യോഗം ചേരും. അന്നു തന്നെ ഏരിയാ കമ്മറ്റി പരിധിയിലെ എല്ലാ ലോക്കല്‍ കമ്മറ്റികളിലും പാര്‍ട്ടി അംഗങ്ങളുടെ ജനറല്‍ ബോഡി യോഗവും ചേരുന്നുണ്ട്. ഈ യോഗങ്ങളില്‍ ജില്ലാ കമ്മറ്റി തീരുമാനങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ റിപ്പോര്‍ട്ട് ചെയ്യും.സി.പി.എം പൊന്നാനി ഏരിയാ സമ്മേളനത്തില്‍ കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നതായാണ് ജില്ലാ കമ്മറ്റി അംഗീകരിച്ച റിപ്പോര്‍ട്ടിലുള്ളത്. ഏരിയാ സമ്മേളനത്തില്‍ തോറ്റ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സുരേഷ് കാക്കനാത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ഇ.ജയന്‍, വി.എം ഷൗക്കത്ത് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പിന് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മറ്റി നടപടികള്‍ തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ പതിനാറോളം പേര്‍ കുറ്റക്കാരാണെന്ന് പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തിയതായാണ് സൂചന. ഇവര്‍ക്കെതിരേ പരസ്യശാസന ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 19-ന് അടിയന്തിരമായി ഒരേസമയം വിളിച്ചു ചേര്‍ക്കുന്ന വിവിധ ലോക്കല്‍ ജനറല്‍ ബോഡികളില്‍ ഇക്കാര്യം ജില്ലാ സംസ്ഥാന നേതാക്കള്‍ റിപ്പോര്‍ട്ട് ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →