സൗഹൃദ മത്സരത്തില്‍ വമ്പന്‍ ജയം കുറിച്ച് അര്‍ജന്റീന

അബുദാബി: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് മുമ്പുള്ള അവസാന സൗഹൃദ മത്സരത്തില്‍ വമ്പന്‍ ജയം കുറിച്ച് അര്‍ജന്റീന. മുഹമ്മദ് ബിന്‍ സയദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യു.എ.ഇയെ 5-0 ത്തിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്.എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഒരു ഗോളും അസിസ്റ്റുമായി നിറഞ്ഞു നിന്നു.

ജൂലിയന്‍ അല്‍വാറസ്, ജോക്വിം കോറിയ എന്നിവരാണു ഗോളടിച്ച മറ്റുള്ളവര്‍. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ തന്നെ അര്‍ജന്റീന നാല് ഗോളുകള്‍ക്കു മുന്നിലായിരുന്നു. 60-ാം മിനിറ്റില്‍ കോറിയ പട്ടിക പൂര്‍ത്തിയാക്കി. മത്സരം കഴിഞ്ഞു വൈകാതെ മെസിയും സംഘവും ദോഹയിലേക്കു വിമാനം കയറി. സി ഗ്രൂപ്പില്‍ പോളണ്ട്, മെക്‌സിക്കോ, സൗദി അറേബ്യ എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന കളിക്കുന്നത്. 22 നു സൗദിക്കെതിരേയാണ് അവരുടെ ആദ്യ മത്സരം. സയിദ് സ്റ്റേഡിയത്തില്‍ കളിയുടെ തുടക്കം മുതല്‍ അര്‍ജന്റീന കളം നിറഞ്ഞു കളിച്ചു.

അര്‍ജന്റീനിയന്‍ മുന്നേറ്റങ്ങളില്‍ യു.എ.ഇ. പ്രതിരോധം ആടിയുലഞ്ഞു. 17-ാം മിനിറ്റില്‍ അര്‍ജന്റീന ആദ്യ ഗോളടിച്ചു. വലതു വിങ്ങിലൂടെ കുതിച്ചു പാഞ്ഞ ലയണല്‍ മെസി മറിച്ചു നല്‍കിയ പന്തിനെ അല്‍വാറസ് വലയിലെത്തിച്ചു. എട്ട് മിനിറ്റ് കഴിഞ്ഞ് അര്‍ജന്റീന ലീഡ് ഇരട്ടിയാക്കി. മാര്‍കോസ് അക്വിന ബോക്‌സിലേക്കു മറിച്ചു നല്‍കിയ പന്ത് കര്‍വിങ് ഷോട്ടിലൂടെ എയ്ഞ്ചല്‍ ഡി മരിയ വലയിലാക്കി. 37-ാം മിനിറ്റില്‍ എയ്ഞ്ചല്‍ വീണ്ടും അര്‍ജന്റീനയുടെ അവതരിച്ചു. പെനാല്‍റ്റി ബോക്സിന് അകത്ത് രണ്ട് ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞാണ് മരിയ വല കുലുക്കിയത്. ഒന്നാം പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കേ മെസിയുടെ മിന്നും ഗോളെത്തി. എയ്ഞ്ചല്‍ ഡി മരിയ നീട്ടി നല്‍കിയ പന്തുമായി കുതിച്ച മെസി മൂന്ന് ഡിഫന്‍മാരെ കാഴ്ചക്കാരാക്കി വല കുലുക്കി. മെസി ഗോളടിക്കുന്നതു നോക്കി നില്‍ക്കുന്ന യു.എ.ഇ. താരങ്ങളുടെ ദൃശ്യങ്ങള്‍ വൈറലായി.

ഒരു ശ്രമം പോസ്റ്റില്‍ ഇടിച്ചു മടങ്ങിയത് ഒഴിച്ചാല്‍ യു.എ.ഇയുടെ മുന്നേറ്റങ്ങള്‍ അര്‍ജന്റീന ഗോള്‍ കീപ്പര്‍ ഡാമിലന്‍ മാര്‍ട്ടിനസിന് ബുദ്ധിമുട്ടായില്ല. മെസിയെയും സംഘത്തെയും കാണാനെത്തിയ മലയാളികള്‍ അടക്കമുള്ള ആരാധകര്‍ക്ക് ഗോളടി വിരുന്നായി. മെസിയെയും അല്‍വാറസിനെയും മുന്നില്‍ നിര്‍ത്തിയ 4-4-2 ഫോര്‍മേഷനാണു കോച്ച് ലയണല്‍ സ്‌കലോണി പരീക്ഷിച്ചത്. യു.എ.ഇ. കോച്ച് അറുബാറീന അബ്ദുള്ള മക്ഹൗതിനെ മുന്നില്‍ നിര്‍ത്തിയ 4-5-1 ഫോര്‍മേഷനും പരീക്ഷിച്ചു. സ്‌കലോണിയുടെ ശിഷ്യന്‍മാര്‍ ഇതുവരെ തോല്‍ക്കാതെ 36 മത്സരങ്ങള്‍ കളിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →