മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ മൂന്നു മാസത്തിനു ശേഷം ഭാര്യ അറസ്റ്റില്‍. അച്ഛന്റെ മരണത്തിനു പിന്നില്‍ അമ്മയാണെന്ന് കണ്ടെത്തി പോലീസില്‍ അറിയിച്ചതു മകള്‍. അമ്മ കാമുകന് അയച്ച ശബ്ദസന്ദേശം മകള്‍ കേട്ടതോടെയാണ്, ഹൃദയാഘാതം മൂലമെന്ന് കരുതിയിരുന്ന മരണം കൊലപാതകമെന്ന് തെളിഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വിരമിച്ച ഭര്‍ത്താവിനെ ഭാര്യ രഞ്ജന രാംതെക ഓഗസ്റ്റ് ആറിന് ഉറക്കത്തില്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇതിനുശേഷം ഇവര്‍ കാമുകനായ മുകേഷ് ത്രിവേദിക്കു ശബ്നസന്ദേശം അയച്ചു. ” ഞാന്‍ തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ചുകൊന്നു. രാവിലെ ബന്ധുക്കളെ വിളിച്ചു മരണവിവരം അറിയിക്കും. ഹൃദയാഘാതം മൂലം മരിച്ചെന്നു പറയും.”- കണ്ടെടുത്ത ഓഡിയോ റെക്കോഡിങ്ങില്‍ പറയുന്നു.പിറ്റേന്നു രാവിലെ സ്ത്രീ ബന്ധുക്കളെ വിളിച്ചു മരണവിവരം അറിയിച്ചു. ആരും അവരെ സംശയിച്ചില്ല. തൊട്ടടുത്ത ദിവസംതന്നെ സംസ്‌കാരവും നടത്തി.മൂന്നു മാസത്തിനു അമ്മയെ കാണാന്‍ എത്തിയ മകള്‍ ശ്വേത, ഫോണ്‍ ചെയ്യാനായി അമ്മയുടെ ഫോണ്‍ വാങ്ങിയപ്പോഴാണ് അതിലെ ഓഡിയോ റെക്കോഡിങ് കണ്ടത്. ഉടന്‍ തന്നെ അവര്‍ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. ശബ്ദസന്ദേശം കേട്ട പോലീസ് രഞ്ജനയെയും മുകേഷിനെയും ചോദ്യംചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

