പാരിസ്ഥിതികാഘാതം കുറഞ്ഞ രീതിയിലുള്ള ഖനന സംവിധാനങ്ങള്‍ അനിവാര്യം: മന്ത്രി പി.രാജീവ്

തിരുവനന്തപുരം: പാരിസ്ഥിതിക ആഘാതം കുറഞ്ഞ രീതിയിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുള്ള മികച്ച സംവിധാനങ്ങള്‍ കേരളത്തിലും കൊണ്ടുവരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. വിദേശ സന്ദര്‍ശനത്തിനിടെ ഇത്തരം മികച്ച മാതൃകകള്‍ കാണാനിടയായെന്നും ഇത്തരത്തില്‍ പ്രകൃതിക്ക് വലിയ പ്രത്യാഘാതങ്ങളില്ലാതെ ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രീതി സമീപഭാവിയില്‍ത്തന്നെ സംസ്ഥാനത്തുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഖനനാനുമതി ഓണ്‍ലൈനായി അനുവദിക്കുന്നതിനായി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ KOMPAS പോര്‍ട്ടലില്‍ നാല് മൊഡ്യൂളുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ ലോഞ്ചിങ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സേവനങ്ങളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന് സാങ്കേതിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതോടെ പ്രവര്‍ത്തന വേഗം കൂടുതല്‍ മെച്ചപ്പെടും. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെത്തുന്ന നിയമാനുസൃതമായ ഓരോ അപേക്ഷകര്‍ക്കും സേവനം അതിവേഗത്തില്‍ ലഭ്യമാക്കുന്നുവെന്ന് ഉദ്യാഗസ്ഥര്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. നിയമപ്രകാരമല്ലാത്ത അപേക്ഷകള്‍ക്ക് യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ല. ഫയലുകള്‍ കെട്ടിക്കിടക്കുന്നതിനുള്ള അവസരം നല്‍കരുതെന്നും അപേക്ഷകള്‍ ലഭിച്ച് അഞ്ച് ദിവസത്തിനകം തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →